ക്രിസ്തുവും  ക്രിസ്ത്യാനികളും

ക്രിസ്തുവും  ക്രിസ്ത്യാനികളും
June 06 16:05 2018 Print This Article

രണ്ടായിരം വർഷങ്ങൾക്ക് മുൻപ് നസ്രത്തിന്റെ തെരുവീധികളിലൂടെ താടിയും മുടിയും വളർത്തി, സൂര്യാഘാതമേറ്റും, വിശന്നും അലഞ്ഞ് നടന്നിരുന്ന ഒരു ചെറുപ്പക്കാരനുണ്ടായിരുന്നു. യേശു എന്നായിരുന്നു അദ്ദേഹത്തിന്റെ പേര്. ലോകത്തിലേയ്ക്ക് വരാനിരിക്കുന്ന ക്രിസ്തു അവനാണെന്ന് കുറച്ച് പേർ വിശ്വസിച്ചു. യോഹന്നാൻ സ്നാപകൻ അവനെ സാഷ്യപ്പെടുത്തി.”എന്റെ പിന്നാലെ വരുന്നവൻ എന്നെക്കാളും ശക്തൻ, അവന്റെ ചെരുപ്പിന്റെ വാറ് അഴിക്കുവാൻ പോലും ഞാൻ യോഗ്യനല്ല”.
യോഹന്നാൻ സ്നാപകന്റെ കാലത്ത് തന്നെ യേശുവും സുവിശേഷം പ്രസംഗിക്കുവാനും, ശിഷ്യൻമാരെ കൂട്ടുവാനും തുടങ്ങിയപ്പോൾ യോഹന്നാന്റെ ശിഷ്യൻമാർ അതേക്കുറിച്ച് അവനോട് അറിയിച്ചു.യോഹന്നാന്റെ മറുപടി അന്നത്തേപ്പോലെ ഇന്നും പ്രശസ്തമായി നിൽക്കുന്നു.” ഞാൻ അവന് വഴി ഒരുക്കാൻ വന്നതാണ്, മാത്രമല്ല അവൻ വളരേണം; ഞാനോ കുറയേണം” പക്ഷേ വർത്തമാന കാലത്തിൽ യേശുവിനെക്കാൾ വളരുന്ന പുരോഹിതരും, അധികാര മേലാളൻമാരും. കടലിൽ മീൻ പിടിക്കാൻ പോയവരെയും, ചന്ത സ്ഥലത്ത് ചുങ്കം പിരിക്കുന്നവനേയും, അങ്ങനെ ജീവിതത്തിന്റെ നാനാ തുറകളിലുള്ളവരെ അവൻ വിളിച്ച് തന്റെ ശിഷ്യ സമൂഹത്തോട് ചേർത്തു.ജനങ്ങൾ തന്നിൽ വിശ്വസിക്കുവാനും, അങ്ങനെ പിതാവായ ദൈവത്തിങ്കലേയ്ക്ക് മനം തിരിയുവാനുമായി അവൻ അനേകം അദ്ഭുതങ്ങളും, അടയാളങ്ങളും പ്രവർത്തിച്ചു. പച്ചവെള്ളത്തെ വീര്യമുള്ള വീഞ്ഞാക്കിയും, മരിച്ച ബാലികയെ ഉയിർപ്പിച്ചും, അപ്പം വർദ്ധിപ്പിച്ചും അവൻ അവരെ തന്നിലേയക്ക് ആകർഷിച്ചു.ദൈവരാജ്യത്തെക്കുറിച്ചും, പാപബോധത്തെ ക്കുറിച്ചും അവൻ അവരെ പഠിപ്പിച്ചു. മറ്റാരെക്കാളും മനുഷ്യരെ അവൻ മനസ്സിലാക്കിയിരുന്നു. ഒരിക്കൽ തന്നെ അന്വേഷിച്ച് എത്തിയ ജനക്കൂട്ടത്തോട് അവൻ പറഞ്ഞു “ദൈവരാജ്യത്തെക്കുറിച്ച് കേൾക്കാനല്ല അപ്പം തിന്ന് വയറ് നിറഞ്ഞതുകൊണ്ടാണ് നിങ്ങൾ എന്നെ അന്വേഷിക്കുന്നത്”. ഇന്നും നമ്മൾ അപ്പം തിന്ന് വയറ് നിറയ്ക്കാനായി കൃസ്തുവിനെ അന്വേഷിച്ചുകൊണ്ടിരിക്കുന്നു.
      നിയമജ്ഞൻമാർക്കും, പരീശയൻമാർക്കും, അന്നത്തെ പുരോഹിത ഗണങ്ങൾക്കും യേശു എന്നും ഒരു തലവേദന ആയിരുന്നു. ഇന്നത്തെപ്പോലെ തന്നെ അധികാരം കൈയ്യാളാനും പന്തിയിൽ മുഖ്യ സ്ഥാനം കിട്ടാനുമായി അവർ പോരാടി. അവരെ നോക്കി യേശു വിളിച്ചു…
“വെള്ളയടിച്ച കുഴിമാടങ്ങൾ” അകത്ത് ചീഞ്ഞ് നാറുംമ്പോഴും പുറമെ സുഗന്ധം   പൂശീ രാജകീയ വസ്ത്രങ്ങൾ അണിഞ്ഞ് അവർ പ്രഥമ സ്ഥാനത്തിനായി കടിപിടി കൂട്ടി. ഒടുവിൽ യേശുവിനെ അവർ കുരിശിൽ തൂക്കിക്കൊന്നു.

      യേശുവിന്റെ ശിഷ്യൻമാർ ദൈവാത്മ ശക്തിയാൽ ബലം പ്രാപിക്കുകയും ധൈര്യപൂർവ്വം യേശുവിനെക്കുറിച്ചും, പിതാവായ ദൈവത്തെക്കുറിച്ചും പ്രസംഗിക്കുവാൻ തുടങ്ങി. ജനങ്ങൾ യേശുവിൽ വിശ്വസിക്കുവാനും, ഒരേ മനമോടെ ദൈവസന്നിധിയിലേയ്ക്ക് അടുത്ത് വരാനും ഇടയായി. യേശു പഠിപ്പിച്ചതും, ഉപദേശിച്ചതുമായ കാര്യങ്ങൾ അവർ ജീവിതത്തിൽ പകർത്തിക്കാണിച്ചു.അന്നത്തെ കാലത്ത് യേശുവിന്റെ ശിഷ്യരെ നോക്കി ജനങ്ങൾ കൃസ്ത്യാനികൾ എന്ന് വിളിച്ചു. “ഞാൻ നിങ്ങൾക്ക് സൗജന്യമായി തന്നത് ലോകത്തിന്റെ അറ്റങ്ങളോളം പോയി സകല ജനത്തിനും ദൈവത്തിന്റെ സുവിശേഷം സൗജന്യമായി നൽകുവിൻ”  എന്ന് യേശു തന്റെ ശിഷ്യരെ ഉപദേശിച്ചു.അതിന്റെ ഫലമായി ലോകത്തിന്റെ ഒരു മൂലയിൽ ഉള്ള ഇന്ത്യ എന്ന രാജ്യത്തിലെ കേരളം എന്ന കൊച്ചു സംസ്ഥാനത്തും യേശുവിന്റെ നാമം എത്തുകയും, യേശു പഠിപ്പിച്ച കാര്യങ്ങളിൽ ആകൃഷ്ടരായി ജനങ്ങൾ ക്രിസ്തുമതം സ്വീകരിച്ച് ക്രിസ്ത്യാനികൾ ആയി മാറുകയും ചെയ്തു.
        കാലം കുറെ മുൻപോട്ട് ചെന്നപ്പോൾ നമ്മൾ മലയാളിക്ക് മനസിലായി ക്രിസ്തുമതം ക്ഷമിക്കാനും, പൊറുക്കാനും, സ്നേഹിക്കാനും മാത്രം കൊള്ളാവുന്ന ഒരു മതം അല്ല; മറിച്ച് ഇഷ്ടംപോലെ കാശുണ്ടാക്കാൻ പറ്റുന്ന ഒരു ജീവിതോപാധിയും കൂടാണെന്ന്. വളരുംതോറും പിളരുകയും, പിളരും തോറും വളരുകയും ചെയ്യുന്ന ചില രാഷ്ട്രീയ പാർട്ടികളെപ്പോലെ ക്രിസ്തുമതവും കേരളത്തിൽ മാറിക്കഴിഞ്ഞിരിക്കുന്നു. വാളെടുക്കുന്നവർ എല്ലാം വെളിച്ചപ്പാടുകൾ എന്ന് പറയുന്നതുപോലെ സഭയിലെ അദ്ധ്യക്ഷനുമായി ഒത്തുപോകാൻ പറ്റില്ല എന്ന് തോന്നിയാൽ ഉടനെ സഭ വിടുകയോ അല്ലെങ്കിൽ പുതിയ ഒരു സഭ ഉണ്ടാക്കി അതിന്റെ തലവനായി സ്വയം പ്രക്യാപിച്ച്  മറ്റു സഭകളെ തെറി വിളിച്ച് ആളാവുകയോ ചെയ്യും. സുവിശേഷ മഹായോഗങ്ങളും, പ്രാർത്ഥനാ കൂട്ടായ്മകളും, കൺവൻഷനുകളും, കരിസ്മാറ്റിക്ക് ധ്യാനങ്ങളും റ്റിക്കറ്റ് വെച്ച് നടത്തും. യേശുക്രിസ്തു  സൗജന്യമായി നൽകാൻ പറഞ്ഞത്  ഇവരെല്ലാവരും കൂടി താൻ താങ്കളുടെ ജീവിതോപാധിയാക്കി മാറ്റി രസീത് കുറ്റി അടിച്ച് പണപ്പിരിവ് നടത്തും.
    കേരളത്തിലെ സഭകളുടെ കാര്യമാണ് രസം. ഹിന്ദുക്കൾക്ക് മുപ്പത്തിമുക്കോടി ദേവതകൾ ഉണ്ടെന്നാണ് പറയുന്നത്. പക്ഷേ കേരളത്തിലെ ക്രിസ്ത്യാനികൾ അവരെയും തോൽപ്പിക്കുമെ ന്നാണ് തോന്നുന്നത്. മർത്തോമ്മാ, യാക്കോബാ, ഓർത്തഡോക്സ്, കനാനായ, മലങ്കര, ആർ സി, എൽ സി എന്ന് വേണ്ട പതിനായിരക്കണക്കിന് സഭകളാണ് നമ്മുടെ കേരളത്തിൽ ഉള്ളത്. എല്ലാവരും ക്രിസ്തുവിന്റെ ശിഷ്യരും, ക്രിസ്ത്യാനികൾ എന്ന് പറയുന്നതിൽ ഊറ്റം കൊള്ളുന്നവരും.
പെന്തക്കോസ്തു കാരുടെ കാര്യം പറയുകയെ വേണ്ട.!കൂട്ടത്തിൽ അല്പസ്വല്പം പ്രസംഗിക്കാൻ അറിയുകയും ബൈബിളിന്റെ അവിടുന്നും ഇവിടുന്നും കുറെ വാക്യങ്ങൾ കാണാതെ പഠിക്കുകയും ചെയ്തിട്ടുണ്ടെങ്കിൽ  അവനും പാസ്റ്റർ ആണ്. ഉടനെ അവനും ഉണ്ടാക്കും ഒരു സഭ. പിന്നെയാണ് കളി ,രോഗശാന്തി, മറുഭാഷ, പരിശുദ്ധാത്മാവിന്റെ അഭിഷേകം, ആകെ ബഹളം. മറ്റു സഭക്കാരൊക്കെ പുറജാതികളും, ഒരിക്കലും രക്ഷിക്കപ്പെടാത്തവരും. പെന്തക്കോസ്തുകാരൻ ഒരുത്തനെ കണ്ടാൽ  ആദ്യം ചോദിക്കുന്നത്”ഏത് സഭയാ, രക്ഷിക്കപ്പെട്ടതാണോ”
ഈ രക്ഷ കൊണ്ട് ഇവരെന്താ ഉദ്ദേശിക്കുന്നത് എന്ന് തിരിച്ചു ചോദിച്ചാൽ ഉത്തരം ഇല്ല. ഉടനെ ഉരുളാൻ തുടങ്ങും. രണ്ടായിരം,മൂവായിരം രൂപാ വില വരുന്ന പരുത്തിത്തുണിയിൽ തയ്പ്പിച്ചിട്ട വെള്ള ജുബ്ബായും അണിഞ്ഞ് വന്നാണ് കക്ഷി ചോദിക്കുന്നത് ” രക്ഷിക്കപ്പെട്ടതാണോ എന്ന് ” അപ്പോൾ ഓർക്കും ഇവനൊക്കെ രക്ഷപെട്ടതുപോലെ ആണോ രക്ഷപെടേണ്ടത് എന്ന്!  പ്രഖ്യാപിത ദൈവങ്ങളായ കുറെ എണ്ണത്തിനെ ഇവരുടെ കൂട്ടത്തിൽ കാണാം. മറ്റുള്ളവരെ പറഞ്ഞ് പറ്റിച്ച് സ്വന്ത ഉദരപൂരണത്തിനായി ജീവിക്കുന്നവർ.
      ഈ അടുത്തിടക്ക് കോട്ടയത്തുള്ള ഒരു സൗഖ്യപ്പെടുത്തലുകാരൻ പത്ത് പിള്ളേർക്ക് പഠിക്കാൻ പുസ്തകം കൊടുത്ത വകയിൽ പാവപ്പെട്ട ഒരു ചെറുക്കന്റെ ജീവൻ അങ്ങ് പോയി. ജനങ്ങളുടെ ജീവനും സ്വത്തിനും കാവൽ നിൽക്കേണ്ട പോലീസ് ഈ അഭിനവ ദൈവത്തിന്റെ പുസ്തക വിതരണത്തിന് മുഖ്യമന്ത്രി അടക്കമുള്ളവർക്ക് കാവൽ നിൽക്കാൻ പോയതാണ്.ആ വകയിൽ എത്ര രൂപ തട്ടിച്ചു എന്ന് ആർക്കറിയാം. മന്ത്രിമാരടക്കമുള്ള ഉദ്യോഗസ്ഥ പ്രമുഖർ ഇവർക്കൊക്കെ ഒത്താശ ചൊല്ലാൻ ഉള്ളപ്പോൾ ആരെ പേടിക്കാൻ.
      അതേ പോലെ കേരളത്തിൽ ഉള്ള മറ്റൊരു സ്വയം പ്രഖ്യാപിത ബിഷപ് ; റേഡിയോവിലൂടെ വചനം പറഞ്ഞും, രോഗശാന്തി നടത്തിയും പണം കുറെ പെരുകിയപ്പോൾ സ്വന്തമായി മെഡിക്കൽ കോളേജ് ഒരെണ്ണം തുടങ്ങി. ഇപ്പോ കാശ് ഇങ്ങോട്ട് മേടിച്ചാണ് രോഗശാന്തി നടത്തുന്നത്. കക്ഷി നോക്കിയപ്പോൾ മറ്റ് സഭകളിലെ മേലദ്ധ്യക്ഷൻമാർ നീളൻ കുപ്പായവും,തലയിൽ തുണിയും ഇട്ട് നടക്കുന്നു. ഞാനും ഒരു സഭയുടെ തലവനല്ലേ എനിക്കും വേണം അതുപോലെ ഒരെണ്ണം. തന്റെ സ്ഥിരം തയ്യൽക്കാരനെ വിളിച്ച് നീളൻ കുപ്പായും തലത്തുണിയും തയ്പ്പിച്ച്, അതും ഇട്ടാണ് നടക്കുന്നത്. “സഹോദരങ്ങൾ” ആര് കാണാൻ വന്നാലും ഉടനെ കൈ നീട്ടിക്കൊടുക്കും മുത്താൻ വേണ്ടി.
    ഇനി ഒരു കൂട്ടർ ഉള്ളത് മേലനങ്ങി പണി എടുത്ത് തിന്നാൻ വയ്യാത്തതു കൊണ്ട് മാത്രം പാസ്റ്റർ പണിക്ക് പോകുന്നവർ. അവരാണ് “സുഗതന്റെ കെട്ട് അഴിപ്പിക്കുന്നതും, കുടുബ ചരിത്രം പറഞ്ഞ് അത്ഭുതപ്പെടുത്തുന്നതും, ചുമ്മാ പിശാചിനെ പുറത്താക്കുന്നതും. നല്ല വരുമാനമല്ലേ! ശിഷ്യൻമാരായി കുറെപ്പേരെ തീറ്റി പോറ്റുന്നുണ്ട് ,അവര് പോയി പാസ്റ്റർക്ക് ആവശ്യമായ സംഗതികൾ കളക്റ്റ് ചെയ്ത് കൊടുക്കും, പിന്നെ സ്ഥിരമായി പിശാചിനെ ഒഴിവാക്കാനായും ആളും ഉണ്ട്. എവിടെ കൺവൻഷൻ നടത്തിയാലും ആ ഒരു ആളുടെ ശരീരത്തിൽ നിന്നും മാത്രമേ പിശാച് പുറത്താകു. പറയാതെ വയ്യാ, നല്ല ആക്ടിങ് ആണ് പാസ്റ്ററിനും ശിഷ്യൻമാർക്കും
   ഒരു കാര്യത്തിൽ ഹിന്ദുക്കൾ ആണ് മെച്ചം. അവർക്ക് ഏത് അമ്പലത്തിൽ വേണമെങ്കിലും പോകാം, പ്രാർത്ഥിക്കാം.പക്ഷേ ഒരു ക്രിസ്ത്യാനിയെ സംബന്ധിച്ചിടത്തോളം അത് നടക്കില്ല. ഓർത്തഡോക്സുകാരൻ യാക്കോബാ പള്ളിയിലോ, മർത്തോമ്മാക്കാരൻ കത്തോലിക്കാ പള്ളിയിലോ പോകാറില്ല. കാരണം ആർക്കും അറിയില്ല. ചിലപ്പോൾ തോന്നും ഓർത്തഡോക്സ് പള്ളിയിൽ ഇരിക്കുന്ന യേശു ആയിരിക്കില്ല യാക്കോബാ പള്ളിയിൽ ഇരിക്കുന്നതെന്ന്. പറയുമ്പോൾ എല്ലാവരും ക്രിസ്ത്യാനികളും ക്രിസ്തുവിന്റെ അടുത്ത അനുയായികളും.
     ഓരോ സഭകളിലേയും പരിവാണ് അസഹനീയം. “യേശുക്രിസ്തു വഴിയരികിൽ ജനിച്ച് പുൽക്കുട്ടിൽ കിടന്നെന്നും, കഴുതപ്പുറത്ത് വിനയാന്വീതനായ് സഞ്ചരിച്ചൂ എന്നും പ്രസംഗിക്കാനും, പഠിപ്പിക്കാനും വരുന്നത് ലക്ഷങ്ങൾ വിലയുള്ള ആഡംഭര വാഹനങ്ങളിൽ, ഒരു തുണ്ട് മണ്ണ് സ്വന്തമായി ഇല്ലാതെ, തലചായ്ക്കാൻ ഒരു കൂര പോലും ഇല്ലാതെ ആകാശത്തിനും ഭൂമിക്കും ഇടയിൽ മരക്കുരിശിൽ  പിടഞ്ഞ് മരിച്ചവന് ഇവിടെ പണിത് കൂട്ടുന്നത് കോടികൾ വിലവരുന്ന പള്ളികളും പാരിഷ് ഹാളുകളും. സ്വന്തം ഇടവകയിലെ പാവപ്പെട്ട ഒരുത്തന് തല ചായിക്കാൻ  വീടില്ലാത്തതും, ഒരു നേരത്തെ എങ്കിലും വിശപ്പകറ്റാൻ ഭക്ഷണം ഇല്ലാത്തതും വിഷയമല്ല. കാർപ്പെറ്റും, ഗ്രാനൈറ്റും പാകിയ പള്ളിയാണ് പ്രധാനം. യേശുവിനെ പണ്ട് ജൂതൻമാർ മരക്കുരിശിൻ തൂക്കിയെങ്കിൽ, നമ്മൾ അദ്ദേഹത്തെ നല്ല മാർബിൾ കല്ലിൻ കുരിശുണ്ടാക്കി അതിൽ തൂക്കും. കാരണം ഇടയ്ക്ക് കർത്താവ് കുരിശിൽ നിന്നെങ്ങാനും ഇറങ്ങിപ്പോയെങ്കിലോ എന്ന് പേടിച്ച്.
    ക്രിസ്തുവിന്റെ സംരക്ഷണത്തിനായി ഇറങ്ങിത്തിരിച്ചിരിക്കുന്നവരാണ് ഇനി ഒരു കൂട്ടർ.
അവർ യേശുവിന് വേണ്ടി പള്ളികൾ പിടിക്കുന്നു,
സമരം ചെയ്യുന്നു. ഇതിനൊക്കെ കുടപിടിക്കാൻ സഭയിലെ തന്നെ മേലധ്യക്ഷന്മാരും. നിരാഹാരം, കൊടികുത്തൽ, അടിപിടി, കോടതി എല്ലാം ഇതിൽ ഉൾപ്പെടും.പ്രപഞ്ചം മുഴുവൻ നിറഞ്ഞ് നിൽക്കുന്ന ദൈവത്തെ മനുഷ്യന്റെ കൈയ്യാൽ നിർമ്മിച്ച ഒരു ചെറിയ പള്ളിയിൽ അടച്ചിടാൻ നോക്കുന്ന മനുഷ്യാ ….. ഹാ കഷ്ടം എന്നല്ലാതെ എന്ത് പറയാൻ.സകല ചരാചരങ്ങളേയും സ്വന്ത കൈയ്യാൽ മെനഞ്ഞുണ്ടാക്കിയവന് തന്റെ തന്നെ സൃഷ്ടിയായ മനുഷ്യന്റെ സംരക്ഷണം ആവശ്യമോ? ഒരു രാത്രി ഉറങ്ങി ഉണരുമോ എന്ന് സ്വയം ഉറപ്പില്ലാത്ത മനുഷ്യനെ നോക്കി ദൈവം ചിലപ്പോൾ ചിരിക്കുന്നുണ്ടാകും. ദൈവ പുത്രന്റെ പേരിൽ നടത്തുന്ന ഈ തട്ടിപ്പും വെട്ടിപ്പുകളും കണ്ട്……… “ദീപസ്തംഭം  മഹാചര്യം , നമുക്കും കിട്ടണം പണം” എന്നല്ലാതെ ഇങ്ങനുള്ളവരെക്കുറിച്ച് വേറെ എന്ത് പറയാൻ…………
                           റോബിൻ കൈതപ്പറമ്പ്

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.