ക്യാമ്പസ്സുകള്‍ സൗഹൃദ സംവാദങ്ങളുടെ പ്രതീകമാകട്ടെ

ക്യാമ്പസ്സുകള്‍ സൗഹൃദ സംവാദങ്ങളുടെ പ്രതീകമാകട്ടെ
July 07 15:39 2018 Print This Article

അഭിമന്യുവിന്റെ മരണം നമ്മെ അലട്ടി തുടങ്ങിയത് പോയ വാരത്തില്‍ ആണ്. ഒരു വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിന്റെ ഇര എന്ന് എഴുതിത്തള്ളാന്‍ കഴിയില്ല. ഒരു ജനതയുടെ അതിജീവനത്തിന്റെ മാര്‍ഗ്ഗങ്ങളിലേക്കുള്ള കടന്നുകയറ്റം കൂടിയായിരുന്നു അഭിമന്യു എന്ന ആദിവാസി യുവാവിന്റെ കൊലപാതകം എന്ന് പറഞ്ഞാല്‍ തെറ്റാകില്ല. കേരളത്തിന്റെ കലാലയ ഭൂമിയില്‍ കൊലപ്പെടുന്ന ആദ്യ ആദിവാസി യുവാവ് തന്നെയായിരിക്കും അഭിമന്യു.
സഹിഷ്ണതയുടെയും ജനാധിപത്യത്തിന്റെയും ആരോഗ്യകരമായ സംവാദത്തിന്റെയും അന്തരീക്ഷത്തില്‍ മാത്രമേ കാമ്പസുകളില്‍ സമാധാനം ഉറപ്പുവരുത്താനാകൂ. ഇനി അത്തരം നാളുകള്‍ ഉണ്ടാകുമോ എന്ന് ആശങ്കയിലാണ് വിദ്യാര്‍ത്ഥികളും പൊതുസമൂഹവും.
ഒരു പതിറ്റാണ്ടു മുമ്പ് കേരളത്തിലെ കാമ്പസുകള്‍ ഭയത്തിന്റെയും അക്രമത്തിന്റെയും കൊലപാതകങ്ങളുടെയും വഴികളില്‍ ആയിരുന്നു. രാഷ്ട്രീയ ചാപല്യത്തിനെതിരെ വിദ്യാര്‍ഥി സംഘടനകളും സമൂഹമാകെതന്നെയും നടത്തിയ കൂട്ടായ ശ്രമങ്ങളാണ് സമാധാനപൂര്‍ണമായ അന്തരീക്ഷത്തിന് കാരണമായത്. ഇപ്പോള്‍ ആ നാളുകളുടെ തനിയാവര്‍ത്തനമാണ് പോയ വാരത്തില്‍ നാം കണ്ടതും കേട്ടതും. മനുഷ്യമനസാക്ഷിയുള്ള എല്ലാ മാതാപിതാക്കള്‍ക്കും, സഹോദരനുള്ള കുടുംബക്കാര്‍ക്കും, കൂട്ടുകാരുള്ള വിദ്യാര്‍ത്ഥികള്‍ക്കും താങ്ങാന്‍ കഴിയുന്നതിനപ്പുറം ആയിരുന്നു ആ കൊലപാതകം.

അകാലത്തില്‍ തല്ലിക്കൊഴിക്കപ്പെട്ട അഭിമന്യുവിന്റെ ജീവിതത്തോടൊപ്പം ഒരു പാവപ്പെട്ട കുടുംബത്തിന്റെ ഭാവിയെപ്പറ്റിയുള്ള പ്രതീക്ഷകള്‍ കൂടിയാണ് നിഷ്‌ക്കരുണം തകര്‍ക്കപ്പെട്ടത്. ഇത് എത്രപേര്‍ ഓര്‍ക്കും.

‘വര്‍ഗ്ഗീയവാദം തുലയട്ടെ’ എന്ന് എഴുതിയതായിരുന്നു അവന്‍ ചെയ്ത കുറ്റം. അല്ല എന്ന് പറയാന്‍ ആര്‍ക്കാണ് കഴിയുക. ന്യൂനപക്ഷഭൂരിപക്ഷ വ്യത്യാസമില്ലാതെ വര്‍ഗ്ഗീയ ശക്തികളെ തുറന്നു കാട്ടുമ്പോള്‍ പകരം നല്‍കേണ്ടി വരുന്നത് സ്വന്തം ജീവിതം പോലുമാകാമെന്നു തിരിച്ചറിഞ്ഞു കൊണ്ടു തന്നെയാണ് വിപ്ലവ രാഷ്ട്രീയത്തിന്റെ പോരാട്ടം.
.ഇതെല്ലാം ശരികള്‍ ആണെന്നിരിക്കെ ഈ ശരികളും പരാജയങ്ങളായിരുന്നു എന്ന യാഥാര്‍ത്ഥ്യം എന്നാണ് നാം തിരിച്ചറിയുക. രണ്ട് രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ നടത്തിയ സംഘര്‍ഷമായി തന്നെയാണ് നമ്മള്‍ അതിനെ വിലയിരുത്തേണ്ടത്. എന്നാല്‍ വലിയ ചര്‍ച്ചകള്‍ വലിയ അപകടത്തിലേക്ക് പോകും, ഇതൊരു വലിയ ദുരന്തമാണ്. അതുള്‍ക്കൊണ്ടുകൊണ്ട് ക്യാമ്പസ്സുകള്‍ കുറേകൂടി സൗഹൃദപരമായ അന്തരീക്ഷത്തിലേക്കാണ് മാറേണ്ടത്.

.ഇക്കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 14 ന് മംഗലാപുരത്ത് വെച്ച് നടന്ന ക്യാമ്പസ് ഫ്രണ്ടിന്റെ സ്റ്റുഡന്റ് കോണ്‍ഫറന്‍സിന്റെ തലക്കെട്ട് ‘അമ്മമാര്‍ നീതിക്കായ് കരയുന്നു’ എന്നതായിരുന്നു. രോഹിത് വെമുലയുടെ അമ്മ രാധികാ വെമുലയും നജീബിന്റെ ഉമ്മ നഫീസത്തും പങ്കെടുത്തിരുന്നു. ആ അമ്മമാരുടെ നിലവിളിക്കൊപ്പം നില്‍ക്കാനുറച്ച നിങ്ങള്‍ക്കെങ്ങനെ തോട്ടം തൊഴിലാളിയായ, ആദിവാസി യുവതിയായ അഭിമന്യുവിന്റെ അമ്മയുടെ നിലവിളിയ്ക്ക് കാരണമാകാനാവുക. ‘നാന്‍ പെറ്റ മകനെ’ എന്നൊരമ്മ ചങ്ക്‌പൊട്ടി വിളിക്കുമ്പോള്‍ ഉത്തരം പറയാന്‍ ആര്‍ക്കു കഴിയും. ദുരിതാശ്വാസനിധിയില്‍ നിന്നും വച്ച് നീട്ടുന്ന പിച്ചകാശുകൊണ്ട് അവന്‍ തിരിച്ചു വരുമോ ?
മഹാരാജാസ് കാമ്പസിലെ ദാരുണ സംഭവം കേരളത്തില്‍ ആവര്‍ത്തിക്കാന്‍ അനുവദിച്ചുകൂടാ. കൊലപാതക രാഷ്ട്രീയത്തിന് ഉത്തരവാദികളായവരെ അര്‍ഹിക്കുന്ന ശിക്ഷ ഉറപ്പുവരുത്തുന്നതിനുള്ള ഉത്തരവാദിത്വം പൊലീസില്‍ നിക്ഷിപ്തമാണ്. അത് വീഴ്ചകൂടാതെ നിര്‍വഹിക്കപ്പെടുമെന്ന് ഗവണ്‍മെന്റ് ഉറപ്പുവരുത്തണം.

പുറത്തുനിന്നുള്ള അക്രമിസംഘങ്ങള്‍ കാമ്പസുകളില്‍ കടക്കുന്നതും കാമ്പസുകളെ നിയന്ത്രിക്കുന്നതും അവസാനിപ്പിക്കാന്‍ പൊലീസിന്റെയും ഭരണകൂടത്തിന്റെയും അശ്രാന്ത പരിശ്രമവും , ജാഗ്രതയുണ്ടാവണം. മഹാരാജാസ് സംഭവം ഇതര കാമ്പസുകളെ സ്വാധീനിക്കാതിരിക്കാനും അക്രമം പടര്‍ന്നുപിടിക്കുന്നതു തടയാനും അത്യന്തം കരുതല്‍ ആവശ്യമാണ്. വര്‍ഗീയതയേയും മൗലികവാദത്തേയും അക്രമസംസ്‌കാരത്തെയും അകറ്റിനിര്‍ത്താനും കേരളത്തിന്റെ കാമ്പസുകളെ ജനാധിപത്യവല്‍ക്കരിക്കാന്‍ ബോധപൂര്‍വമായ ശ്രമം ഉണ്ടാവണം.

ആര്‍ഷഭാരതത്തിന്റെ സംസ്‌കരം ഇന്ന് ലോകത്തിന്റെ നെറുകയില്‍ പൊന്‍തൂവലായി മാറേണ്ടിയ സമയം എത്തിയിരുന്നു എന്നാല്‍ വര്‍ഗീയതയും, കൊലപാതകവും, ആത്മഹത്യയും, രക്തച്ചൊരിച്ചിലും തുടങ്ങി സ്ത്രീപീഡനത്തില്‍ വരെ എത്തിനില്‍ക്കുമ്പോള്‍
മാതാപിതാക്കളും വിദ്യാര്‍ത്ഥികളും പൊതുസമൂഹവും ഒരുമിച്ചു നിന്നാല്‍ മാത്രമേ ഈ അക്രമ രാഷ്ട്രീയമായ ക്യാമ്പസുകളെ ക്രിയാത്മകയി രക്തച്ചൊരിച്ചിലില്‍ നിന്നും മുക്തമാക്കാന്‍ കഴിയു.

പ്രതിബദ്ധതത എന്നത് സമൂഹത്തോടോ, പ്രസ്ഥാനത്തോടോ, ചില വ്യക്തികളോടോ മാത്രമല്ല ഉണ്ടാകേണ്ടത്. വളര്‍ന്നുവരുന്ന യുവതലമുറയോടും കൂടിയാവട്ടെ. ക്യാമ്പസുകളില്‍ സൗഹൃദവും, സ്‌നേഹവും കൊണ്ട് വളപ്പൊട്ടുകള്‍ സൃഷ്ടിക്കപ്പെടുകയും സൗഹൃദ സാംസകാരിക സംവാദം കൊണ്ട് രക്തച്ചൊരിച്ചില്‍ ഇല്ലാത്ത ഒരു കലാലയം സൃഷ്ടിക്കാനും കഴിയട്ടെ….

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.