കോമഡിയുടെ സുവിശേഷം എന്ന മറ്റൊരു സുവിശേഷം

കോമഡിയുടെ സുവിശേഷം എന്ന മറ്റൊരു സുവിശേഷം
February 25 21:33 2019 Print This Article

ഒരു കാലത്ത് കേരള കരയെ കാർന്നുതിന്നുകൊണ്ടിരുന്ന” സമൃദ്ധിയുടെ സുവിശേഷം ” എന്ന ദുരുപദേശത്തെ ചെറുക്കുവാൻ ബെരോവയിലെ വിശ്വാസ സമൂഹത്തെ പോലെ ‘അങ്ങിനെ തന്നെയോ’ ( പ്രവൃത്തി :17 :11) എന്ന് തിരുവെഴുത്തുകളെ പൂർണ്ണ ജാഗ്രതയോടെ പരിശോദ്ധിച്ചു പോന്ന കേരള കരയിലെ പ്രബുദ്ധരായ വേർപെട്ട ദൈവജനത്തിന് സാധിച്ചു .

എന്നാൽ ഇന്ന് കേരളത്തിലെ കൺവൻഷൻ സ്റ്റേജുകളെയും – സഭായോഗങ്ങളെയും നിശബ്ദമായി കാർന്നുതിന്നുകൊണ്ടിരിക്കുന്ന – നാം പൂർണ്ണ ഗൗരവത്തോടെ ജാഗ്രതയോടെ തടയേണ്ട മറ്റൊരു തെറ്റായ ഉപദേശമാണ് – പ്രവണതയാണ് ‘കോമഡിയുടെ സുവിശേഷം’.

2 കൊരിന്ത്യർ 11: 4 ൽ പൗലോസ് പറയുന്ന വേറൊരു സുവിശേഷത്തിന്റെ പരിധിയിൽ ‘കോമഡിയുടെ സുവിശേഷത്തെ’ തീർച്ചയായും ഉൾപ്പെടുത്താം.

എന്താണ് കോമഡിയുടെ സുവിശേഷം ……?

തിരു വചന പ്രസംഗത്തിൽ നിർദോഷവും നിഷ്കളങ്കവും ആശയ സമ്പുഷ്ടവുമായ നർമ്മം ഉപയോഗിക്കുന്നത് ഒരിക്കലും തെറ്റല്ല. എന്നാൽ നർമ്മത്തിന്റെ സ്ഥാനത്ത് തരംതാണ ‘വളിപ്പ്’ ഉപയോഗിക്കുന്നത് വിശുദ്ധൻമാർക്ക് ഉചിതമല്ല.

ലൈംഗിക ചുവയുള്ള കോപ്രായങ്ങൾ പരസ്യമായി കൺവൻഷൻ സ്റ്റേജുകളിൽ പ്രസംഗ മധ്യേ കാണിക്കുന്ന, ദൈവ ജനത്തിന് ഒട്ടും ഉചിതമല്ലാത്ത തരംതാണ ഡയലോഗുകൾ സഭായോഗങ്ങളിലും കൺവൻഷൻ സ്റ്റേജുകളിലും ഉപയോഗിക്കുന്ന പ്രസംഗകരുടെ എണ്ണം മുഖ്യധാരാ പെന്തെക്കോസ്തു സമൂഹങ്ങളിൽ വരെ വളരെ കൂടി വരുന്നു എന്നത് ലജ്ജാകരമാണ്.

തെറ്റു ചൂണ്ടി കാണിക്കുക എന്ന സദുദ്ധേശ്യത്തിൽ പോലും അവർ ഉപയോഗിക്കുന്ന തരംതാണ പ്രയോഗങ്ങൾ വ്യാങ്യാർത്ഥം ഉൾകൊള്ളുന്ന തെറ്റായ ആംഗ്യവിക്ഷോപങ്ങൾ, കോഷ്ടികൾ ഇവിടെ പറയുവാൻ തിരുവചന ധാർമ്മികത അടിയനെ അനുവദിക്കുന്നില്ല.

പുതിയ നിയമത്തിൽ റോമർ 12 പ്രകാരമുള്ള [ തന്നെ തന്നെ മുഴുവനായി ദൈവ സന്നിധിയിൽ സമർപ്പിക്കുക എന്ന ആരാധന ] ആരാധനയുടെ ഭാഗമായ വിശുദ്ധ സഭാ യോഗങ്ങളിൽ എന്തൊക്കെ വേണം എന്ന് തിരുവചനം വ്യക്തമായി പഠിപ്പിക്കുന്നുണ്ട്.

ഈ സഭാ യോഗങ്ങളിൽ ‘സങ്കീർത്തനം, ഉപദേശം, വെളിപ്പാട്,അന്യഭാഷ, വ്യാഖ്യാനം, അപ്പം നുറുക്ക്, കൂട്ടായ്മ ആചരിക്കുക’ എന്നിവ ഉണ്ടായിരിക്കേണ്ടതാണ്. ( പ്രവൃത്തി :2:42 , 1 കൊരി 14 : 26).

ഒരു കാലത്ത് പാപം ചെയ്ത ഒരു വ്യക്തി സഭാ യോഗങ്ങളിൽ വന്നാൽ അവന്റെ ഹ്യദയ രഹസ്യങ്ങൾ വെളിപ്പെടുത്തി പാപബോധത്തിലേക്കും അനുതാപത്തിലേക്കും ഉറച്ച നിലവിളിയിലേക്കും നയിക്കാൻ കഴിയുന്ന സാഹചര്യം അഭിഷക്തർ നമുക്കിടയിൽ ഉണ്ടായിരുന്നു. കാലം മാറി ലജ്ജയായതിൽ മാനം തോന്നുന്ന ഒരു തലമുറ നമുക്കിടയിൽ തല പൊക്കി തുടങ്ങി.

ഇന്നത്തെ സഭാ യോഗങ്ങളിലും കൺവൻഷൻ സ്റ്റേജുകളിലും ആൾക്കൂട്ടത്തെ പൊട്ടിച്ചിരിപ്പിക്കാൻ ചെയ്യുന്ന, തരംതാണ ‘വളിപ്പ്’ ഉപയോഗിക്കുന്ന കലാ പരുപാടി തിരുവചന വിരുദ്ധമാണ്. തരംതാണ വളിപ്പ് അടിച്ച് കൈയ്യടി വാങ്ങുവാനുള്ള സ്ഥലമല്ല വിശുദ്ധൻമാരുടെ പാളയം.

ഒരു കാലത്ത് ശനിയാഴ്ചകളിൽ വൈകും നേരം എല്ലാ തിരക്കും മാറ്റി വച്ച് പ്രാദേശിക സഭാ ശിശ്രൂഷകൻമാർ മുട്ടിൻമേൽ ഇരുന്ന് തിരുവചനം ധ്യാനിച്ച്, പഠിച്ച്, പ്രാർത്ഥിച്ച് അടുത്ത ദിവസം ജനത്തോട് സംസാരിക്കേണ്ട ദൂത് തയാറാക്കുമായിരുന്നു.

അത് അനേകരുടെ വിടുതലിന് മുഖാന്തിരമായി തീരുമായിരുന്നു. കാലം മാറി… കഥ മാറി ….. പട്ടിണിയുടെയും പരിവട്ടത്തിന്റെയും നാളുകൾ പതിയെ പലർക്കും ഓർമ്മകൾ മാത്രമായി. അല്ല അത് ഓർക്കാൻ ആർക്ക് നേരം.

ഇന്ന് പെന്തെക്കോസ്ത് എന്നത് പൊതുസമൂഹമധ്യേ അന്തസിന്റെ ചിഹ്നമായി തുടങ്ങി. ഇന്നാർക്കും മുട്ടിൻമേൽ ഇരുന്ന് ദൂത് തയാറാക്കാൻ നേരമില്ല. ആ സമയത്ത് ടെലിവിഷൻ ചാനലുകളിലെ, കോമഡി ഫെസ്റ്റിവലും ജഗതി ശ്രീകുമാറിന്റെ ചിരിപ്പൂരവും കണ്ടിരിക്കും. പിന്നെ ഞായറാഴ്ച നേരം വെളുത്താൽ കിടക്കപ്പായിൽ നിന്നും നേരെ വിശുദ്ധൻമാരുടെ പുൾ പിറ്റിലേക്ക് …. ദാ …. ഒറ്റ ചാട്ടമാണ്… പിന്നെ റ്റിനി റ്റോമിന്റെയും, കോട്ടയം നസീറിന്റെയും, ജഗതിയുടെയും ചിരിപ്പടക്കങ്ങൾ…. തന്ത്രപരമായി ക്രിസ്തീയതയുടെ പുറം കവറിട്ട്… ഒന്നു രണ്ട് വേദവാക്യങ്ങളുടെ അകമ്പടിയോടെ അവതരിപ്പിക്കും.

എന്നിട്ടും നേരം പോയില്ല എങ്കിൽ പല്ലു തേക്കുന്നതെങ്ങിനെ, കറി വയ്ക്കുന്നതെങ്ങിനെ, ദം ബിരിയാണി എങ്ങിനെ രുചികരമായി ഉണ്ടാക്കാം, ടൂറു പോകുന്നതെങ്ങിനെ, എന്നിങ്ങനെ അതീവ ഗൗരവമേറിയ കാര്യങ്ങൾ സവിസ്തരം ജനത്തെ പഠിപ്പിക്കും. പിന്നെ ക്രൂശിതനെ പറ്റിയും, നിത്യ ജീവനെ പറ്റിയും, പാപപരിഹാരകനെ പറ്റിയും ഒന്നും ഒരക്ഷരം പോലും മിണ്ടാതിരിക്കാൻ പരമാവധി ശ്രമിക്കും.  എന്തു ക്രൂശ് ?…. ആരുടെ ക്രൂശ് ? എന്തു രക്ഷ ?… 

ധന്യനായ പൗലോസ് സ്ളീഹയുടെ വാക്കുകൾ സന്ദർഭോജിതമായി കുറിച്ചു കൊണ്ട് ഈ ചെറു ചിന്താവിഷയം അവസാനിപ്പിക്കട്ടെ “ഹാ ബുദ്ധിയില്ലാത്ത ഗലാത്യരേ, യേശുക്രിസ്തു ക്രൂശിക്കപ്പെട്ടവനായി നിങ്ങളുടെ കണ്ണിനു മുൻപിൽ വരച്ചു കിട്ടിയിരിക്കേ നിങ്ങളെ ക്ഷുദ്രം ചെയ്ത് മയക്കിയത് ആർ? …… നിങ്ങൾ ഇത്ര ബുദ്ധികട്ടവരോ? ആത്മാവു കൊണ്ട് ആരംഭിച്ചിട്ട് ഇപ്പോൾ ജഢം കൊണ് സമാപിക്കുന്നത് ? (ഗലാത്യർ 3:1-3).

പ്രിയരേ ..  അതെ നാം ഒരു സ്വയം ശോധനക്ക് തയാറാക്കട്ടെ…! കാലാകാലങ്ങളിൽ പല രൂപങ്ങളിൽ പല ഭാവങ്ങളിൽ നമ്മെ തകർത്തു കളവാൻ കടന്നു വരുന്ന ദുരുപദേശങ്ങളെ ചതിവിന്റെ ഉപദേശങ്ങളെ ചെറുത്ത് നിത്യ ജീവനായി, പ്രാണപ്രിയന്റെ വരവിനായി നമുക്ക് വേഗം ഒരുങ്ങാം .

                                 – സ്കറിയ ഡി. വർഗീസ്, വാഴൂർ.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.