കുറ്റവാളികളുടെ കൂടാരമായി സഭകള്‍ മാറ്റപ്പെടുന്നു

കുറ്റവാളികളുടെ കൂടാരമായി സഭകള്‍ മാറ്റപ്പെടുന്നു
July 07 20:57 2018 Print This Article

ബ്ലാക്ക് മെയിലിംഗ്, ലൈംഗിക ചൂഷണം, കൊലപാതകം, ബാലപീഠനം, സ്വവര്‍ഗരതി, കൊട്ടേഷന്‍ തുടങ്ങി തിന്മയെന്നു പറഞ്ഞു ജനങ്ങളെ എതൊക്കെ പ്രവര്‍ത്തികളില്‍ നിന്ന് മാറ്റിനിര്‍ത്തുവാന്‍ പ്രസംഗങ്ങളില്‍ ആഹ്വാനം ചെയ്യുന്നവൊ അവയിലെല്ലാം തന്നേ സഭാനേതൃത്വത്തിലെ പ്രധാന വ്യക്തികളുടെ കൈകളില്‍ കറപുരണ്ടിരിക്കുകയാണ്.

ആരാണ് ക്രിസ്ത്യാനിയെന്ന് ഇന്ന് പലര്‍ക്കും സംശയമാണ്. രണ്ടായിരത്തിപതിനെട്ടു വര്‍ഷങ്ങള്‍ക്കു പിന്നിലേക്ക് തിരിഞ്ഞാല്‍ ക്രിസ്തുവിന്റെ അനുയായികളെ, ആ മാര്‍ഗം പിന്തുടരുന്ന വരെയായിരുന്നു ‘ക്രിസ്ത്യാനി’ എന്ന് വിളിച്ചിരുന്നത്. എന്നാല്‍ കാലം മാറി. വിശ്വാസികളിന്ന് ആശയകുഴപ്പത്തിലാണ്, അവര്‍ അറിയാത്തതു എന്താണ് ശേഷിച്ചിരിക്കുന്നതു. ന്യൂനപക്ഷമാണോ ഭൂരിപക്ഷമാണോ കപടഭക്തരായ നേതാക്കളെന്ന സംശയം മാത്രമേ ഇന്നൊരു സാധാരണ വിശ്വാസിക്കുള്ളു.

ഇത്തരം പ്രവണതകള്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് ആരംഭിച്ചതാണെങ്കില്‍ കൂടി, സാങ്കേതികവിദ്യയുടെ വളര്‍ച്ച കൂടിയപ്പോള്‍ പീഡനത്തിനും, സ്വയംഭോഗത്തിനും, ലൈവ്ചാറ്റിനും സാധ്യതതകള്‍ കൂടി. സഭയിലെ വിശ്വാസികള്‍ സഭകളില്‍ നിന്നും വിവിധ നേതൃത്വങ്ങളില്‍ നിന്നും, സുവിശേഷകന്മാരില്‍ നിന്നും നേരിടുന്ന പലവിധത്തിലുള്ള ചൂഷണത്തിന്റെ, പീഡനത്തിന്റെ, ഭീഷണിയുടെ കഥകള്‍ പുറത്ത് വന്നുകൊണ്ടിരിക്കുകയാണ്.

ഇന്ത്യയില്‍ ഇരുപതിനായിരത്തോളം കത്തോലിക്കാ വൈദികര്‍ ഉണ്ടെന്ന് പറയപ്പെടുന്നു. അതില്‍ പതിനായിരത്തോളം പേര്‍ കേരളത്തിലാണ് എന്ന് ചില കണക്കുകള്‍ പറയുന്നത്. ഇന്ന് ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന കാലികപ്രസക്തമായ വിഷയങ്ങളാണ് ‘പുരോഹിതര്‍’, ‘സ്ത്രീകള്‍’, ‘സഭകള്‍’ എന്നിവ. സന്യാസത്തിനു സ്വയമേ സമര്‍പ്പിക്കപ്പെട്ട പുരോഹിതന്മാര്‍ ഇന്ന് പ്രതികൂട്ടില്‍ ആണ്. ഇവിടെ വീഴ്ചകള്‍ സംഭവിച്ചത് തിരുത്തപെടാന്‍ കഴിയുമോ? പുരോഹിതന്മാര്‍ പാപികളായി മാറുന്നു. ഇവര്‍ക്ക് എങ്ങനെ സാധാരണക്കാരെ വിശ്വാസത്തില്‍ നടത്താന്‍ പറ്റും.

ഇതര സഭകളിലെ സുവിശേഷ പ്രവര്‍ത്തകരും മനസിലാക്കണം, വിശ്വാസികളെ ഒഴിവാക്കി നിങ്ങള്‍ക്ക് എങ്ങനെ മുന്നോട്ടു പോകാന്‍ കഴിയും? പരാതിപ്പെടുന്ന സ്ത്രീയോ, പുരുഷനോ ആരായാലും അവരെ ഇല്ലായ്മ ചെയുക എന്നത് തന്നെയാണ് പ്രതികളും കൂട്ടരും ചെയുന്നത്. ഇവരെ സംരക്ഷിക്കുന്ന ഗുണ്ടാസംഘങ്ങളുടെ കൂടാരമായി സഭകള്‍ മാറുകയാണ്. കുറ്റം ചെയ്തു ഒരു മാസം പിന്നിടുമ്പോള്‍ കുറ്റം ചെയ്തവര്‍ സ്വാതന്ത്രരാകും, ഇവരെ ‘ഗ്ലോറിഫൈ’ ചെയ്യും. സമൂഹത്തിലും സഭകളിലും ഇവര്‍ വീണ്ടും തുടരും. ഇത് തുടര്‍കഥകളാണ്.

പ്രായപൂര്‍ത്തിയാകാത്തവര്‍ക്കും ആയവര്‍ക്കും ഒരേപോലെ പറയാനുള്ളത് ചൂഷണത്തിന്റെ അനുഭവങ്ങള്‍ ആണ്. സമൂഹം ബഹുമാനിക്കുന്നവരാണ് സഭ നേതൃത്വങ്ങളായ പുരോഹിതന്മാര്‍, മെത്രാന്മാര്‍, പാസ്റ്റര്‍മാര്‍ തുടങ്ങിയവര്‍. എന്നാല്‍ സംരക്ഷിക്കേണ്ടിയവര്‍ തന്നെ ഇന്ന് ശിക്ഷിക്കുന്നവരായി മാറുകയാണ്. സെക്കുലര്‍ ലോകത്തു കേരളത്തിന്റെ ചരിത്രം പരിശോധിച്ചാല്‍ കാണുന്നത് രാഷ്ട്രീയ നേതൃത്വത്തില്‍ ആരെങ്കിലും ഇത്തരത്തില്‍ ആരോപണം നേരിട്ടാല്‍ അവരെ രാജിവെയ്പ്പിക്കാതെ അടങ്ങാത്ത സമൂഹം അച്ചന്മാരുടെയും, മെത്രാന്മാരുടെയും കാര്യത്തില്‍ മൗനം പാലിക്കുന്നു.

എന്തുകൊണ്ട് ‘നരകവും’, ‘സ്വര്‍ഗ്ഗവും’ എന്ന് പഠിപ്പിക്കുന്ന ക്രൈസ്തവ സഭകള്‍ ഇന്ന് ചോദ്യചിഹ്നമാകുന്നു? പീഡനങ്ങള്‍, കൊലപാതകം, കൊട്ടേഷന്‍ തുടങ്ങി കേള്‍ക്കാന്‍ ഭയക്കുന്ന പലതും നാം കേട്ട് കൊണ്ടിരിക്കുകയാണ്. വസ്ത്രത്തിനു ഇറക്കം കുറഞ്ഞതിന്റെ പേരില്‍ സ്ത്രീകളെയും, പെണ്‍കുട്ടികളെയും വലിച്ചുകീറി ഭിത്തിയില്‍ ഒട്ടിയ്ക്കുന്ന സഭയും, സമൂഹവും എന്തുകൊണ്ട് ഇവരെ വെറുതെവിടുന്നു. ഒരു നല്ല വിശ്വാസിയാകുവാന്‍ എല്ലാ ക്രൈസ്തവ സഭകളും പഠിപ്പിക്കുമ്പോള്‍, സഭാ നേതൃത്വത്തില്‍ ഇരിക്കുന്നവര്‍ തന്നേ വിശ്വാസത്തേയും മൂല്യങ്ങളെയും പൗരോഹിത്യ പദവികളും പാസ്റ്റര്‍ പദവികളും ദുരുപയോഗം ചെയ്ത് സമൂഹത്തെ തെറ്റായ പ്രവണതകളിലേക്ക് നയിക്കുകയാണ്.

വാര്‍ത്തകള്‍ക്കും ചര്‍ച്ചകള്‍ക്കുമപ്പുറം ഇനിയും നവോത്ഥാനം ക്രൈസ്തവ സഭകളില്‍ ഉണ്ടാകേണ്ടിയിരിക്കുന്നു. അനാവശ്യ കാര്യങ്ങളെ പൂര്‍ണ്ണമായി നിരോധിക്കേണ്ടിയിരിക്കുന്നു. വിശ്വാസികളെ നഷ്ടപ്പെടുത്തി കൊണ്ട് സഭയ്ക്ക് ഒരിക്കലും നിലനില്‍പ്പ് ഉണ്ടാവുകയില്ല. പുതിയ തലമുറയുടെ മനസ്സിലേക്ക് വിശ്വാസത്തിന്റെ വേരുകള്‍ ആഴന്നിറങ്ങണമെങ്കില്‍ സഭകള്‍ സ്വയം തിരുത്തപ്പെടണം. ക്രിസ്തീയ വിശ്വാസം ഇരുളിനെ നീക്കുന്ന വലിയ വെളിച്ചമാണ്. അത് തിന്മയേ നശിപ്പിക്കുന്ന ‘തീ’യാകണം. വലിയ അറിവോ, പാണ്ഡിത്യമോ, സാമ്പത്തോ ഇല്ലാത്ത, പ്രയാസങ്ങളിലും രോഗങ്ങളിലും ദുരിതങ്ങളിലും നിരാലമ്പരും സാധുക്കളായ സാധാരണ വിശ്വാസികള്‍, പുരോഹിതന്മാരുടെയോ പാസ്റ്റര്‍മാരുടെയോ മുന്നില്‍ നിഷ്‌കളങ്കമായി പ്രാര്‍ത്ഥിക്കുവാന്‍ വരുമ്പോള്‍ അവരെ ചൂഷണം ചെയ്യുവാന്‍ പാടില്ല. അത് തെറ്റാണ്, മഹാ പാപമാണ്.

ചൂഷണം പലവിധത്തിലുണ്ട്. വിശ്വാസത്തിലെ ബലഹീനത മുതല്‍ പീഡനം വരെ. ‘നാമം’ മാത്രമായി ഇന്ന് പല ക്രൈസ്തവ സഭകളും സമൂഹവും മാറുന്നു. സുഖലോലുപതയും ആഡംഭരവും അധികാര പ്രീണനവും, രാഷ്ട്രീയ കുതിര കച്ചവടവും, ക്രിസ്തുവിന്റെ മുഖത്തേ കൂടുതല്‍ മുറിപ്പെടുത്തുന്നു. ക്രിസ്തുവിനെ വീണ്ടും ക്രൂശിക്കുന്ന ക്രിസ്ത്യാനികളായി ഇവര്‍ തീരുന്നു.
കുറ്റവാളികളെ സംരക്ഷിച്ച് തെറ്റിനേ ശരിയായി ആവിഷ്‌കരിക്കുന്നത് സമൂഹത്തോട് സഭകള്‍ ചെയ്യുന്ന ഏറ്റവും വലിയ പാതകമായിരിക്കും.

ക്രിസ്തുവിന്റെ വേല അതിന്റേതായ ആദരവോടും ഭയഭക്തിയോടും സേവന മനോഭാവത്തില്‍ പ്രവര്‍ത്തിക്കുന്ന സഭയിലേ പുരോഹിതന്മാര്‍ക്കും പാസ്റ്റര്‍മാര്‍ക്കും സുവിശേഷകര്‍ക്കും ഇത് വലിയ വെല്ലുവിളിയായ് മാറുന്നുണ്ട്. ദൈവവേലയെ ദുരുപയോഗം ചെയ്യുന്ന കുറ്റവാളികളായ മതപുരോഹിതരുടെ അനിയന്ത്രിതമായ വര്‍ദ്ധന സമൂഹത്തിനിന്ന് ഭീഷണിയായി മാറുകയാണ്. ക്രിസ്ത്യാനികള്‍ മനസാന്തരപ്പെടട്ടെ, മാറ്റത്തിനു തയ്യാറാവട്ടെ….

ബീന എബ്രഹാം

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.