കുമ്പനാട് ഹെബ്രോൻപുരത്തെ ഒരു വൃദ്ധസദനമായി കാണരുത്‌

കുമ്പനാട് ഹെബ്രോൻപുരത്തെ ഒരു വൃദ്ധസദനമായി കാണരുത്‌
June 04 22:33 2018 Print This Article

മുഖ്യധാരാ പെന്തക്കോസ്തു സഭയിലും ജനാതിപത്യ രീതിയിൽ ഇലക്ഷൻ നടത്തുന്നു അതുകൊണ്ടുതന്നെ ചില കാര്യങ്ങൾ പറയാതെ വയ്യ. വർഷങ്ങളായി പെന്തക്കോസ്തു പ്രസ്ഥനത്തിനു നന്മ ചെയ്യാതെ, ഐപിസി പ്രസ്ഥാനത്തെ, യുവജനങ്ങളെ, പുതു തലമുറയെ വാർത്തെടുക്കാതെ പകരം, സ്വന്തം സാമ്രാജ്യം പടുത്തുയർത്തുകയും, വ്യക്തി താല്പര്യങ്ങൾ ഉയർത്തുകയും ചെയ്യുന്ന ഒരുപറ്റം നേതാക്കന്മാർ. എത്രവയസ്സ് എന്നതിനേക്കാൾ ഐപിസിയിൽ പലതവണ പയറ്റി തെളിഞ്ഞു ബൈബിൾ കോളേജ് പഠനം തുടങ്ങിയ കാലം മുതൽ ഇപ്പോൾ എത്രവർഷംകൊണ്ട് സെന്റർ പാസ്റ്റർ ആയി, സ്റ്റേറ്റ് സെക്രട്ടറി, പ്രസിഡന്റ് തുടങ്ങി ഒടുവിൽ ജനറൽ സെക്രട്ടറിവരെ എത്തിയവർ ഉണ്ട്. എന്നിട്ടും ഇവർ കസേര മാറാതെ, ഒഴിയാതെ പ്രാകിയും, ശപിച്ചും ഒരു കസേരയിൽ നിന്നു കസേരയിലേക്ക് മാറി വീണ്ടും അതിൽ അള്ളിപ്പിടിച്ചു കിടക്കുന്ന പല്ലു കൊഴിഞ്ഞ സിംഹങ്ങൾ ആയ കുറെ അനാത്മീകർ ചടഞ്ഞിരിക്കുന്ന ഒരു പ്രസ്ഥാനമായി മാറി ഇന്നത്തെ പെന്തക്കോസ്ത് പ്രസ്ഥാനം. പ്രത്യേകിച്ചു ഐപിസി. എത്രയോ കൃപയുള്ള, നല്ല ശുശ്രൂഷകർ, ചെറുപ്പക്കാർ, സഹോദരന്മാർ ഒക്കെ ഈ സഭയിൽ ഉണ്ട്. എന്നിട്ടു ” അപ്പൻ ചത്താലും കട്ടിൽ ഒഴിയാത്ത” പോലെ തൂങ്ങിക്കിടക്കുന്ന കുറച്ചു നരിച്ചീറുകളെ നമുക്കുവേണ്ട.

(ഇതു എഴുതുമ്പോൾ ഏകദേശം 35 വർഷങ്ങൾക്ക് മുമ്പ് സ്‌കൂളിൽ പഠിച്ച കുഞ്ചൻനമ്പ്യാരുടെ ഒരു കവിത ഓർത്തുപോയി, അതിവിടെ കുറിക്കട്ടെ.
“പത്തുകോടി ജനമുണ്ട് പല്ലു പോയിട്ടൊരു വീട്ടില്‍
 കൊത്തിവെച്ച പാവ പോലെ തിങ്ങിവിങ്ങി ക്കിടക്കുന്നു
കണ്ണിലെ പോളകള്‍ കൂടി നരച്ചുള്ള നരന്മാര്‍ക്ക്
എണ്ണമില്ലീ വണ്ണമുള്ള പെണ്ണുങ്ങള്‍ക്കുമില്ലയെണ്ണം.
കണ്ണ് കാണാത്തവര്‍ പിന്നെ കാതു കേൾക്കാത്തവര്‍ പിന്നെ കിണ്ണനേക്കാള്‍ മിനുപ്പുള്ള കഷണ്ടിക്കാരേറെയുണ്ട്.
അസ്ഥിയില്ലാതൊരു വസ്തു ശരീരത്തിലവര്‍ക്കില്ല
ദുസ്ഥിതിക്കും കുറവില്ല ദുര്‍നിലക്കും കുറവില്ല.
പത്തുനാള്‍ ഭക്ഷിയാഞ്ഞാലും ചത്തുപൊമെന്നതുമില്ല
പത്തനങ്ങൾക്കിടം പോരാഞ്ഞെന്തു ദു:ഖം മനുഷ്യര്‍ക്ക്‌ !
ഉന്നതത്തില്‍ കിടക്കുന്നോരുരുണ്ട് പാറമേല്‍ വീഴും
ഭിന്നമാകുന്നത് നേരം മസ്തകം ഹസ്തം കാലും .
ഒന്നു രണ്ടാല്ലൊരു ലക്ഷം മുതുക്കന്മാര്‍ പതിക്കുന്നു
ഒന്നു കൊണ്ടും പ്രാണനാശം വരുന്നീലിന്നൊരു ത്തര്‍ക്കും, ഉള്ളതില്‍ സങ്കടമോര്‍ത്താല്‍ നാടു വാഴി പ്രഭുക്കള്‍ക്ക്
കള്ളനെക്കൊല്ലുവാന്‍ മേലാ വെട്ടിയാല്‍ ചാകയില്ലേതും
ഉള്ള വസ്ത്തുക്കളെ പ്പേരും കട്ടുതിന്മാന്‍ ഒരുകൂട്ടം
തള്ളലോടെ നടക്കുന്നു തെല്ലു പേടിയവര്‍ക്കില്ല
രാജധാനിക്കകം പുക്കു രാജ ഭന്ധാരവും കട്ട്
വ്യാജമെന്യേ പകല്‍ കൂടെ തസ്കരന്മാര്‍ നടക്കുന്നു
രാജ ശിക്ഷ കുറഞ്ഞപ്പോള്‍ അമ്പലത്തില്‍ പൂജ മുട്ടി
പൂജ കൊണ്ടു പുറം മാറി തിരിച്ചു എമ്പിരാന്മാരും
മന്ത്രിമാര്‍ക്ക് തമ്പുരാനെ പേടിയില്ല തൃണംത്തോളം
മന്ത്രികളെ പ്രജകള്‍ക്കും ശങ്കയില്ല മനക്കാമ്പില്‍
അന്തമില്ല ദുരാചാരം മുഴുത്തു ഭൂമിയിലെല്ലാം
അന്തകന്റെ യാഗമിപ്പോള്‍ അനര്‍ത്ഥത്തിനൊക്കെ മൂലം…”

സത്യത്തിൽ മാറ്റങ്ങൾ അനിവാര്യമാണ്, പിതാക്കന്മാർ കൊണ്ടുനടന്ന മൂല്യം സൂക്ഷിക്കുന്നവർ ഇനിയും ഐപിസിയിൽ ഉണ്ട് എന്ന സത്യം ഇവർ വിസ്മരിക്കുന്നു. യുവാക്കൾക്കും, മറ്റുള്ളവർക്കും അവസരങ്ങൾ നൽകിയില്ലെങ്കിൽ ചില വ്യക്തികൾക്ക് വേണ്ടി മാത്രമായി ഐപിസി അധഃപതിക്കുന്ന സാഹചര്യം ഉണ്ടാവും. അത് ഭൂഷണമല്ല. പുതിയ ചിന്തകൾ അതും വചനത്തിൽ ഉറച്ചു പുതിയ നേതൃത്വം, പുതിയ രീതികൾ ഇതൊക്കെയാണ് കാലം നമ്മളിൽ നിന്ന് ആവശ്യപ്പെടുന്നത്. അല്ലാതെ അർമാണിയെക്കൊണ്ട് തുള്ളിക്കുന്നതും, അനിസനെക്കൊണ്ട് കള്ളപ്രവചനം നടത്തിക്കുന്നവരും, രവി മണിയെക്കൊണ്ട് രക്ഷിക്കപ്പെട്ട്, സ്നാനപ്പെട്ട്, ദൈവകൃപയിൽ നിൽക്കുന്ന വിശ്വാസികളുടെ പൂർവ്വ പിതാക്കന്മാരുടെ ശാപവും, പാപവും അഴിപ്പിക്കുന്നവരും സുവിശേഷം പ്രസംഗിക്കപ്പെടേണ്ട വേദികളിൽ പണപ്പിരിവും അതു വിമർശിക്കുന്നവരേയും അവരുടെ തലമുറകളേയും ശപിക്കുകയും, പ്രാകുകയും അവർ പട്ടികൾ ആണന്നും പറഞ്ഞു പ്രായമുള്ള പല്ലുകൊഴിഞ്ഞ സിംഹങ്ങൾ, ഒരു അധികാരത്തിന്റെ കസേരയിൽ നിന്നും മറ്റൊരു കസേരയിലേക്ക് ചാട്ടം നടത്തുന്നതുമല്ല മാറ്റം എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. ഈ ലോകം തങ്ങളുടെ യുവരക്തങ്ങളെ വളർത്തിയെടുത്തു കൂടുതൽ മികച്ച സംഘാടകരെ സൃഷ്ടിക്കുമ്പോൾ, നമ്മുടെ ഐപിസി അസംതൃപ്തരേയും മറ്റുസ്ഥാനങ്ങൾ ലഭിക്കാത്തവരേയും അക്കോമഡേറ്റ് ചെയ്യാനുള്ള വേദിയായി പ്രസ്ഥാനത്തെ മാറ്റുന്നതു നീതികേടാണ്. പ്രസ്ഥാനത്തിന് ഇനി മുന്നോട്ടു പോകുവാൻ പുതിയ ഊർജം, പുതിയ മുഖം, പുതിയ ആവേശം ഒക്കെ ആവശ്യമാണ് എന്നതു മറ്റാരേക്കാളും കൂടുതലായി അറിയേണ്ടിയത് നിലവിലുള്ളവർ തന്നെയാണ്. ആത്മീകപ്പോർക്കളത്തിൽ എല്ലാ അർത്ഥത്തിലും ശക്തമായ പോരാട്ടം നടത്തേണ്ടത്‌ പ്രസ്ഥാനത്തിലെ വാർദ്ധക്യമല്ല, ദൃഢവും ശക്തവുമായ ശബ്ദവും പുതിയ രീതിയുമാണ് ആവശ്യം. വചനത്തിൽ നിലനിന്നും യേശുക്രിസ്തുവിന്റെ മാതൃകയും പിന്തുടരേണ്ടത് ആവശ്യമാണ്. യേശു പിതാവിന്റെ ഇഷ്ടം നിർവ്വഹിക്കുമ്പോഴും ഓരോ തവണയും പുതിയ രീതിയിൽ ആണ് തന്റെ പ്രവർത്തനശൈലി തുടർന്നത്. എപ്പോഴും എല്ലായിടത്തും എല്ലാശിഷ്യന്മാരെയും കൂട്ടിയില്ല, വേർപാട് വേണ്ടയിടത്തു യേശു തന്നെ ആത്മാവ് നയിച്ചപോലെ വേർപാട് പാലിക്കുകയായിരുന്നു. ആളും, ബന്ധവും സ്വന്തവും നോക്കാതെ പലരെയും മാറ്റി നിർത്തേണ്ടിയ സാഹചര്യത്തിൽ മാറ്റി നിർത്തി. അതാണ് ഇന്നത്തെ ഐപിസി നേതൃത്വം പിൻതുടരേണ്ടിയതും.

യേശുക്രിസ്തു ശിഷ്യന്മാരെ തിരഞ്ഞെടുത്തതും പൗലോസ് തിരഞ്ഞെടുത്തതും മുൻപരിചയം എന്ന മാനദണ്ഡത്തിൽ അല്ലായിരുന്നു. മറിച്ച്, ദൈവീക നിർണ്ണയപ്രകാരം ആയിരുന്നു. അല്ലാതെ അനിയൻബാബ, ചേട്ടൻ ബാബ, പിന്നെ അവരുടെ മക്കൾ എന്നപ്രകാരം അല്ലായിരുന്നു എന്നസത്യം മനസിലാക്കണം. ഇനിയും ഇത് എന്ന് ഐപിസിക്ക് ബോധ്യമാകും.

ഇപ്പോൾ രാജ്യസഭാ തിരഞ്ഞെടുപ്പ് അടുത്തു. ഈ രാജ്യത്തിന്റെ ആത്മാവ് തന്നെയായ കോൺഗ്രസ് പാർട്ടി നേരിടുന്ന അപചയം എന്നും പ്രസ്ഥാനത്തിനപ്പുറം വ്യക്തികൾ വളർന്നു എന്നതാണ്. ഇതിനെതിരെ യുവനിര കലാപം ഉണ്ടാക്കുന്നു. അതും വൃദ്ധന്മാരുടെയും പ്രായമുള്ളവരുടെയും സാമ്രാജ്യത്വഭരണത്തിന് എതിരെ. പി.ജെ. കുര്യനെതിരായ നീക്കത്തില്‍ വി.ടി. ബല്‍റാമിനും ഷാഫി പറമ്പിലിനും, പിന്നാലെ ഹൈബി ഈഡനും, റോജി എം.ജോണും രംഗത്തെത്തി. മൽസരത്തിൽനിന്ന് പി.ജെ. കുര്യന്‍ പിൻമാറണമെന്ന് ഹൈബിയും റോജി എം. ജോണും ആവശ്യപ്പെട്ടതായി വാർത്തകൾ കാണുന്നു. രാജ്യസഭയെ വൃദ്ധസദനമായി കാണരുതെന്നാണു ഹൈബിയുടെ തുറന്നുപറച്ചിൽ. മരണം വരെ പാര്‍ലമെന്‍റിലോ അസംബ്ലിയിലോ വേണമെന്നു നേര്‍ച്ചയുള്ളവര്‍ കോണ്‍ഗ്രസിന്‍റെ ശാപമാണെന്നു റോജിയും ശക്തമായി പ്രധിഷേധം അറിയിച്ചു. പുതുമുഖം എന്നു പറയുമ്പോൾ, യുവാക്കൾ എന്നു മാത്രമല്ല ഉദ്ദേശിക്കുന്നത്, പ്രായഭേദമെന്യേ പുതിയ വ്യക്തികൾക്കു അവസരം കൊടുക്കണം.
ഇനി കാര്യത്തിലേക്കു കടക്കാം…ഈ താരതമ്യ പഠനം കൊണ്ട് ലോകത്തിലെ എന്തെങ്കിലും നാം പഠിക്കണം എന്നല്ല മറിച്ച്, ഇതുതന്നെയാണ് ഐപിസിപോലുള്ള പ്രസ്ഥാനങ്ങളിൽ അരാജകത്വവും,അപചയവും സംഭവിച്ചതിന്റെ മുഖ്യ കാരണങ്ങൾ.
ഐപിസിയിൽ ഒരു മാറ്റം ആവശ്യമാണ്,
അതുകാണും വരെ പടയാളി എഴുതിക്കൊണ്ടേയിരിക്കും

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.