കശ്മീരില്‍ തീവ്രവാദി ആക്രമണം: കൊല്ലപ്പെട്ടവരില്‍ മലയാളി ജവാനും

by Vadakkan | 23 February 2017 3:58 PM

ജമ്മു കശ്മീരിലെ ഷോപ്പിയാന്‍ ജില്ലയില്‍ ഇന്ന് പുലര്‍ച്ചെയുണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ ഒരു മലയാളി ജവാനും. പാലക്കാട് കോട്ടായി കോട്ട ചന്തയില്‍ കളത്തില്‍ വീട്ടില്‍ ശ്രീജിത്ത് (28) ആണ് വീരമൃത്യു വരിച്ചത്.  ഷോപ്പിയാനിലെ പന്ത്രണ്ടാം സെക്ടര്‍ 44 നമ്ബര്‍ യൂനിറ്റ് രാഷ്ട്രീയ റൈഫിള്‍സില്‍ ജവാനായിരുന്നു ശ്രീജിത്.

ആക്രമണത്തില്‍ മൂന്ന് സൈനികരും പ്രദേശവാസിയും കൊല്ലപ്പെട്ടുവെന്നായിരുന്നു നേരത്തെ പുറത്തുവന്നിരുന്ന വിവരം. ഏഴ് സൈനികര്‍ക്ക് പരിക്കേറ്റു. സൈന്യം പട്രോളിങ് നടത്തുന്നതിനിടെയാണ് വാഹനങ്ങള്‍ക്ക് നേരെ ആക്രമണമുണ്ടായത്.

പുലര്‍ച്ചെ 2.30നായിരുന്നു സംഭവം. ഷോപ്പിയാന്‍ ജില്ലയിലെ മാദ്രിഗാം ഗ്രാമത്തില്‍ സൈന്യം പട്രോളിങ് നടത്തുന്നതിനെയാണ് ആക്രമണമുണ്ടായത്.

വന്‍ ആയുധ സന്നാഹത്തോടെയാണ് തീവ്രവാദികള്‍ നിലയുറപ്പിച്ചത്. സൈന്യം പ്രത്യാക്രമണം ആരംഭിച്ചതോടെ തീവ്രവാദികള്‍ രക്ഷപ്പെട്ടു. പ്രദേശത്ത് കൂടുതല്‍ സേനയെ വിന്യസിച്ച്‌ തെരച്ചില്‍ പുരോഗമിക്കുകയാണ്. ഹിസ്ബുള്‍ മുജാഹിദീന്‍ തീവ്രവാദികളാണ് ആക്രമണത്തിന് പിന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍.

മൂന്ന് ആഴ്ചക്കിടെ ജമ്മു കശ്മീരില്‍ നടക്കുന്ന നാലാമത്തെ വലിയ ഏറ്റുമുട്ടലാണ് സോഫിയാനിലേത്. കഴിഞ്ഞ ദിവസം ബന്ദിപോരയിലുണ്ടായ ആക്രമണത്തില്‍ 3 സൈനികര്‍ കൊല്ലപ്പെട്ടിരുന്നു.

Source URL: https://padayali.com/%e0%b4%95%e0%b4%b6%e0%b5%8d%e0%b4%ae%e0%b5%80%e0%b4%b0%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a4%e0%b5%80%e0%b4%b5%e0%b5%8d%e0%b4%b0%e0%b4%b5%e0%b4%be%e0%b4%a6%e0%b4%bf-%e0%b4%86%e0%b4%95%e0%b5%8d/