ഒറ്റ ലൈക്ക് മതി ജീവിതം മാറിമറിയാന്‍ !

ഒറ്റ ലൈക്ക് മതി ജീവിതം മാറിമറിയാന്‍ !
March 29 20:33 2020 Print This Article

മഹാനായ സുക്കർബർഗിന് സമാധാനത്തിനുള്ള നോബൽ സമ്മാനം കൊടുക്കണം എന്നാണ് എൻറെ ആഗ്രഹം. അദ്ദേഹം നമ്മുടെ കൊച്ചു ജീവിതത്തിൽ ചെയ്ത നന്മകൾ ഓർത്താൽ ഹൃദയം നന്ദിയാൽ നിറയുകയാണ് സുർത്തുക്കളെ നിറയുകയാണ്.

അദ്ദേഹം കണ്ടുപിടിച്ച ഫേസ്ബുക്കിലൂടെ മനുഷ്യൻ കയറുന്നു, ഇറങ്ങുന്നു, ജോലിക്കിടയിൽ പാത്തിരുന്നു നോക്കുന്നു, ബ്രേക്ക് ടൈമിൽ കുത്തിയിരുന്ന് നോക്കുന്നു, രാവിലെ നോക്കുന്നു, കിടക്കുന്നതിനു മുൻപ് ഒന്ന് ഓടിച്ചു നോക്കുന്നു. പള്ളിയിൽ ഇരുന്നു നോട്ടം, പള്ളിക്കൂടത്തിൽ ഇരുന്നുനോട്ടം, വണ്ടി ഓടിച്ചുകൊണ്ടു നോട്ടം, പാതവക്കത്തു നടന്നുകൊണ്ടു നോട്ടം. ലൈക്ക് അടിച്ചോ? ഇല്ലയോ ? എത്ര ലൈക്ക് കിട്ടി ? ആരൊക്കെ ലൈക്ക് അടിച്ചു ? ഇപ്പോ ഭാര്യയുടെയും മക്കളുടെയുംമൊക്കെ പടത്തിനു നാട്ടുകാരും വീട്ടുകാരും ലൈക്കടിച്ചില്ല എങ്കിൽ ഒരു അസ്വസ്ഥതയാണ്.

പണ്ട് ഒരു ലൈക്ക് അടിച്ചുപോയാൽ നാടറിഞ്ഞു.. നാട്ടാർ അറിഞ്ഞു… പിന്നെ വീട്ടുകാർ അറിഞ്ഞു അകെ കുളമായതു തന്നെ. ലവ് ഇൻ സിംഗപ്പൂരും എഴാംകടലിനക്കരയുമോക്കെ കണ്ടു മനസിലെ മോഹങ്ങളേ താലോലിച്ചു നടക്കുന്ന കാലം. അഭ്രപാളികളിൽ നായകനും നായികയും ഓടിക്കളിക്കുമ്പോൾ എന്റെ മനസിന്റെ മിനി സ്ക്രീനിലും ഇടക്കിടെ ഒരു നായിക പ്രത്യക്ഷപ്പെട്ടു.

അതെ സുർത്തുക്കളെ എന്റെയും മനസ്സിൽ മരംചുറ്റി പാട്ടും പൂമഴക്കാലവും വന്നെത്തി. എല്ലാ കഥയിലെപോലെ ഇവിടെയും ഹീറോ – ഹീറോയിൻ പിന്നെ കുറെ വില്ലൻമാരും…. എന്റെ അഭിപ്രായത്തിൽ ഗിന്നസ് ബുക്കിന്റെ രണ്ടു അവാർഡുകൾ ഞങ്ങളുടെ വീട്ടിൽ തന്നെകിട്ടേണ്ടതായിരുന്നു. ഏതോ കറുത്ത കൈകളുടെ കുല്സിത പ്രവർത്തനമാണ് അത് കിട്ടാതെ പോയത് എന്ന് തോന്നുന്നു.

1. ഏറ്റവും കൂടുതൽ അടി കൊടുത്ത അപ്പനുള്ള അവാർഡ്.

2. ഏറ്റവും കൂടുതൽ അടി വാങ്ങി കുട്ടിയ മകനുള്ള അവാഡ്…

എന്തായാലും അടിയുടെ മുന്നിൽ ഇടിയുടെ മുന്നിൽ പതറുകയില്ല എന്നൊക്കെയുള്ള വിപ്ലവ വചനവും കൂടാതെ ഷോലെ സിനിമയിൽ ഗബ്ബർ സിഗ് പറയുന്നത്പോലെ “ജോ ഡെർഗയാ വോ മാർഗയാ”… എന്നുള്ള ആ വലിയ മനുഷ്യന്റെ ഡയലോഗ് എന്റെ ആത്മ വിശ്വാസം കൂട്ടുകയാണ് ചെയ്തത്.

മനോഹരമായ ഒരു വൈകുന്നേരം. ചെറിയ ചാറ്റൽ മഴ പെയ്യുന്നുണ്ട്, ഹീറോ മഴനനഞ്ഞു സൈക്കിൾ ചവിട്ടുട്ന്നു. പൂക്കുട ചൂടിയ നായിക ട്യൂഷൻസെന്ററിൽനിന്ന് അന്നനട നടക്കുന്നു. മനസ്സിൽ ലഡു പൊട്ടിയ നിമിഷം! മനസ്സിൽ നാളുകളായി കൊണ്ടുനടന്ന ആ മനോഹര സത്യം ഇന്ന് കൈ മാറുകതന്നെ.ആദ്യമായി ഗീവർഗീസ് പുണ്യവാളനെ വിളിച്ചു പ്രാർത്ഥിച്ചു. പൈസ 25 നേർച്ചയും ഇടാം എന്ന്ഏറ്റു.

ഇപ്പൊ എല്ലാംകുടി 13.50 ആയിട്ടുണ്ട് കുടിശിക. പണ്ട് 20 രുപാ ആയപ്പോൾ എന്നെത്തന്നെ ഞാൻ പാപ്പരായി പ്രഖാപിച്ച ശേഷമുള്ള കുടിശികയാണ് ഇതു. നേര്ച്ചകൾ ഒക്കെനേരുന്നുണ്ട് എങ്കിലും കാര്യംഒന്നും നടക്കാറില്ല. നൊ ഫലം നോ മണി. അതാണ് എന്റെ ഒരു ലൈൻ അന്നും ഇന്നും. രണ്ടും കൽപ്പിച്ചു സൈക്കിളിൽ നിന്ന്ഇറങ്ങി മനസിന്റെ വാതായനങ്ങൾ മലർക്കെ തുറന്നിട്ടിട്ട് ഞാനൊരു ലൈക് അടിച്ചു…..

എനിക്ക്തന്നെ എന്നോട് ഒരു ബഹുമാനം തോന്നിയ നിമിഷം. മൗനം വാചാലമായ നിമിഷങ്ങൾ… മൗനം സമ്മതമെന്ന മഹത് വചനം മനസ്സിൽ ഓർമ്മവന്നു. എന്നോടൊന്നും പറയാതെ അവൾ താഴ്ത്തേക്കു നോക്കിനടന്നു. ഒരുചാക്ക് മോഹങ്ങൾ തലയിൽനിന്നും ഒന്ന്താങ്ങി ഇറക്കിവെച്ച സുഖം. അതൊന്നു വേറെതന്നെ. ഒരു കോട്ട പിടിച്ചടക്കിയ ആവേശം. സൈക്കിൾ ആഞ്ഞുചവുട്ടി വീട്ടിലേക്കു പോയി.

തെരുവ് വിളക്കുകൾ കണ്ണ് ചിമ്മാൻ തുടങ്ങിയ നേരം മുറ്റതൊരു ബഹളം നായികയുടെ അച്ചൻ, അമ്മാവൻ പിന്നെ ഒന്ന് രണ്ടു സഹ വില്ലന്മാരും… ന്റെ പുണ്ണ്യാളാ… ഭൂമി മലയാളത്തിൽ ഇല്ലാത്തതരം തെറികൾ… ഒരുനിമിഷം കൊണ്ട് … എന്റെ പൂമരങ്ങൾ വാടി കൊഴിഞ്ഞു.., എന്റെഅപ്പൻ തിരിഞ്ഞു മുഖമടച്ചൊരടി… വെറും ഈച്ചയല്ല ആയിരം പൊന്നീച്ച പറപറന്നു…

ഒറ്റ ലൈക്ക്അടി മതി ജീവീതം മാറി മറയാൻ…. അവിടെയാണ് എന്റെ സുക്കർജി എന്ന പുണ്യവാളന്റെ പ്രസക്തി. അങ്ങ് ഞങളുടെ കാഴ്ചപ്പാടുകൾ മാറ്റിമറിച്ചു. സംസ്കാരം മാറ്റിയെടുത്തു…

അങ്ങയുടെ ചിരിച്ചുകൊണ്ട്നിൽക്കുന്ന ഒരു പൂർണ്ണകായ പ്രതിമ എന്റെ മനസിന്റെ പൂമുഖത്തു കാക്കക് കാഷ്ടിക്കാൻ പറ്റാത്തഇടതു ഞാൻ സ്ഥാപിക്കുന്നു. ആയിരമായിരം ലൈക്ക്അടിക്കുവാൻ അവകാശം നേടിത്തന്ന അങ്ങ്ക്ക് സമാധാനത്തിനുള്ള നോബൽ സമ്മാനം കിട്ടട്ടെ എന്ന് ആശംസിക്കുന്നു.

അതോടൊപ്പം എനിക്ക് മുൻപായി ഒരുലൈക്കിനുവേണ്ടി ചളുക്ക് മേടിച്ച എല്ലാ പുണ്യാളമക്കൾക്കും ഒരു ലൈക്ക് സമർപ്പിക്കുന്നു. സുക്കർജി അങ്ങ് നീണാൾ വാഴ്ക.

-ബ്ലെസ്സൻ.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.