എടിഎമ്മില്‍ ചില്‍ഡ്രന്‍സ് ബാങ്ക് ഓഫ് ഇന്ത്യയുടെ വ്യാജ നോട്ട്

by Vadakkan | 23 February 2017 4:58 AM

ന്യൂഡല്‍ഹി: നോട്ട് നിരോധനത്തിന് ശേഷം പണം പിന്‍വലിക്കുന്നതില്‍ വരുത്തിയ നിയന്ത്രണങ്ങള്‍ ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കെ എസ്ബിഐ എടിഎമ്മില്‍ നിന്ന് 2000 രൂപയുടെ കള്ളനോട്ട്. ഡല്‍ഹി സംഗം വിഹാറിലെ എടിഎമ്മില്‍ നിന്നാണ് കള്ളനോട്ട് ലഭിച്ചത്.
നോട്ടിന് മുകളില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ എന്നെഴുതേണ്ടിടത്ത് ചില്‍ഡ്രന്‍സ് ബാങ്ക് ഓഫ് ഇന്ത്യ എന്നാണ് എഴുതിയിരിക്കുന്നത്.റിസര്‍വ് ബാങ്കിന്റെ സീലിന് പകരം പികെ എന്ന് ഇംഗ്ലീഷില്‍ എഴുതിയ സീലാണ് ഉള്ളത്. സീരിയല്‍ നമ്ബര്‍ പൂജ്യം മാത്രമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇങ്ങനെ ഒറ്റ നോട്ടത്തില്‍ തന്നെ വ്യാജനാണെന്ന് തിരിച്ചറിയാവുന്ന നോട്ട് എങ്ങനെയാണ് എടിഎമ്മില്‍ വന്നതെന്ന കാര്യത്തില്‍ എസ്ബിഐയും പോലീസും അന്വേഷണം തുടങ്ങിയിട്ടുണ്ട്.
ഫെബ്രുവരി ആറിനാണ് സംഭവം. ഡല്‍ഹിയിലെ കോള്‍സെന്റര്‍ ജീവനക്കാരനായ രോഹിതിനാണ് വ്യാജനോട്ട് കിട്ടിയത്. ഇയാള്‍ പിന്‍വലിച്ച രൂപയില്‍ നാല് 2000 നോട്ടുകള്‍ വ്യാജനായിരുന്നു. നോട്ട് പ്ലാസ്റ്റിക് പോലെയായിരുന്നുവെന്ന് രോഹിത് പറഞ്ഞു. കിട്ടിയത് വ്യാജനോട്ടാണെന്നറിഞ്ഞതിനെ തുടര്‍ന്ന് രോഹിത് അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയെ തുടര്‍ന്ന് രോഹിതിനൊപ്പം എടിഎമ്മിലെത്തിയ പോലീസ് ഉദ്യോഗസ്ഥന്‍ പണം പിന്‍വലിച്ചപ്പോഴും കിട്ടിയത് വ്യാജനോട്ടായിരുന്നു. എന്നാല്‍ സമാന പരാതിയുമായി മറ്റാരും ഇതുവരെ വന്നിട്ടില്ല. എന്താണ് സംഭവിച്ചതെന്നോ ആരാണ് ഇതിന് പിന്നിലെന്നോ കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. കറന്‍സി നോട്ടുമായി സമ്യമുള്ള വസ്തു നിര്‍മ്മിച്ചതിന് ഇന്ത്യന്‍ ശിക്ഷാ നിയമം 489 ബി, 489 ഇ, 420 എന്നീ വകുപ്പുകള്‍ പ്രകാരം കേസെടുത്തിട്ടുണ്ട്.

Source URL: https://padayali.com/%e0%b4%8e%e0%b4%9f%e0%b4%bf%e0%b4%8e%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%9a%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d%e0%b4%a1%e0%b5%8d%e0%b4%b0%e0%b4%a8%e0%b5%8d%e2%80%8d/