ഈ ഭൗമദിനത്തില്‍ നിലനില്‍പിനായി നമുക്ക് ഒന്നിക്കാം

ഈ ഭൗമദിനത്തില്‍ നിലനില്‍പിനായി നമുക്ക് ഒന്നിക്കാം
April 23 20:17 2017 Print This Article

നമ്മുടെ പ്രകൃതിയും പൈതൃകങ്ങളും ഒക്കെ സംരക്ഷിക്കണമെന്നും മലിനമാകാത്ത നദി വേണമെന്നും എല്ലാവര്‍ക്കും ആഗ്രഹമില്ലേ . എന്നാല്‍ ‘വിനാശകാലേ വിപരീത ബുദ്ധി’ എന്നുപറയുന്നതുപോലെ നമ്മുടെ രാഷ്ട്രീയ നേതൃത്വത്തിനും വികസനത്തിന്റെ വണ്ടി ഓടിക്കുന്നവര്‍ക്കും അത് മനസ്സിലാകാത്തതിനാല്‍ സാധാരണ മനുഷ്യര്‍ നെട്ടോട്ടം ഓടുകയാണ്. ഈ സാഹചര്യത്തില്‍ ആണ് ഈ വര്‍ഷത്തെ ഭൗമ ദിനത്തിന്റെ പ്രസക്തി.

ഭൂമിയുടെ നിലനില്‍പ്പിന് തന്നെ ഹാനികരമായ പരിസ്ഥിതി നയങ്ങള്‍ നടപ്പാക്കുന്ന രാജ്യങ്ങളോട് ലോകത്തിന്റെ പ്രതിഷേധം ആളിക്കത്തുന്ന വേളയാണിത്. ഭൂമിയുടെ നിലനില്‍പും അനിശ്ചിതത്വത്തിലാണ്. ഈയവസരത്തിലാണ് ഭൗമദിനം ലോകമൊട്ടുക്ക് ആചരിക്കുന്നത്. ഭൂമിയുടെ നിലനില്‍പ്പിനു ദോഷമായി ബാധിക്കുന്ന കാര്‍ബണ്‍ഡൈ ഓക്‌സൈഡ്, കാര്‍ബണ്‍ മോണോക്‌സൈഡ്, ഹരിതവാതകങ്ങളുടെ ബഹിര്‍ഗമന നിരക്ക് എന്നിവ ഇനിയും വര്‍ധിക്കാനാണ് സാധ്യത. ഭൂമിയുടെ ആസന്നമായ നാശം ചെറുക്കുന്നതിനു വേണ്ടി പാരീസ് കരാര്‍ എന്ന പേരില്‍ ഒരാഗോള കരാര്‍ ലോകം അംഗീകരിക്കുകയും ചെയ്തു. അമേരിക്കയുടെ മുന്‍ പ്രസിഡന്റ് ഒബാമയുടെ നേതൃത്വത്തില്‍ രൂപംനല്‍കിയ ഈ കരാര്‍ ഇന്ത്യ അടക്കമുള്ള 190 ഓളം രാജ്യങ്ങള്‍ അംഗീകരിച്ചെങ്കിലും ഇന്ന് അവ നടപ്പാക്കുന്നതില്‍ നാം വിമുഖത കാണിക്കുന്നുണ്ട്. എന്നാല്‍ ആഗോള കരാറില്‍ നിന്ന് പിന്മാറി വ്യവസായങ്ങള്‍ നടത്തുന്നതിന് അമേരിക്കന്‍ ജനതക്ക് പൂര്‍ണ സ്വാതന്ത്ര്യം നല്‍കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് പുതിയ പ്രസിഡണ്ട്. കാലാവസ്ഥാ വ്യതിയാനം എന്നൊന്നില്ലെന്നും അതു ശാസ്ത്രജ്ഞന്മാരുടെ സൈദ്ധാന്തിക ഗൂഢാലോചനയാണെന്നും തട്ടിപ്പാണെന്നും നിരന്തരം പറഞ്ഞുകൊണ്ടിരിക്കുകയാണ് പ്രസിഡണ്ട്.

ഇതിന്റെ ഫലമായി ലോക പരിസ്ഥിതിയെ തന്നെ മൊത്തം ബാധിക്കുന്ന ടോക്കോട്ടോ ആക്‌സസ് പൈപ്പ്‌ലൈന്‍ കരാര്‍ ജനുവരി 24 ന് ഒപ്പിട്ടു. അമേരിക്കയടക്കമുള്ള രാജ്യങ്ങള്‍ പുറന്തള്ളുന്ന ഹരിതവാതകങ്ങളുടെ ദുരിതമനുഭവിക്കുന്നത് ചെറുകിടരാജ്യങ്ങളിലെ ജനങ്ങളാണ്. അതുകൊണ്ടുതന്നെ കരാറില്‍നിന്ന് അമേരിക്ക പിന്‍വാങ്ങാന്‍ ശ്രമിച്ചാല്‍ ദൂരവ്യാപകമായ പ്രത്യാഘാതം നേരിടേണ്ടിവരും. ലോകത്തെ ഏറ്റവും കൂടുതല്‍ ഹരിതവാതകം വിസര്‍ജിക്കുന്ന (24 ശതമാനം) അമേരിക്കയുടെ പ്രവര്‍ത്തനത്തിന്റെ ഫലമായി അതിന്റെ ദൂഷ്യമനുഭവിക്കുന്നത് ഇന്ത്യ അടക്കമുള്ള വികസ്വരരാജ്യങ്ങളാണ്. ഈ രാജ്യങ്ങളിലെ ജനങ്ങള്‍ക്ക് ആരോഗ്യപ്രശ്‌നങ്ങളും പാരിസ്ഥിതികപ്രശ്‌നങ്ങളും ഉണ്ടാകുമ്പോള്‍ അതിന്റെ ഉത്തരവാദിത്തത്തില്‍നിന്ന് ഏത് ഗവണ്‍മെന്റ് അധികാരത്തില്‍ വന്നാലും അമേരിക്കക്ക് ഒഴിഞ്ഞുമാറാന്‍ പറ്റില്ല. ഈ സത്യം അവരെ ബോധ്യപ്പെടുത്തേണ്ട ഉത്തരവാദിത്തം ഇന്ത്യയടക്കമുള്ള വികസ്വരരാഷ്ട്രങ്ങള്‍ക്കുണ്ട്. അതുകൊണ്ടുതന്നെ പാരീസ് കരാര്‍പോലെ ഔദ്യോഗികമായി നിലവില്‍വന്ന ഒരു ആഗോളകരാറില്‍നിന്ന് ഒറ്റയടിക്ക് പിന്‍വാങ്ങുക എന്നത് അസാധ്യമായ കാര്യമാണ്. അമേരിക്ക നടപ്പാക്കിയ പരിസ്ഥിതി വിരുദ്ധ നിലപാട് ഭൂമിയെ തന്നെ അപകടപ്പെടുത്തുന്നതാണ്. അതുകൊണ്ടാണ് ലോകരാഷ്ട്രങ്ങള്‍ മൊത്തം ഈയൊരു നടപടിയെ എതിര്‍ക്കുന്നത്. ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും ഓസോണിന്റെ അളവ് കുറഞ്ഞത് പരിസ്ഥിതി ശാസ്ത്രജ്ഞരെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ആര്‍ട്ടിക് മേഖലയില്‍ ഡ്രില്ലിങ് നടത്തി കൂടുതല്‍ എണ്ണ സമ്പാദിക്കുന്ന രീതിയും ഭൂമിയില്‍ കാര്‍ബണിന്റെ അംശം വര്‍ധിക്കുന്നതിന് ഇടവരുത്തുന്നുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടും അതിനുള്ള നടപടികളുമായി മുന്നോട്ടുപോവുകയാണ് ചെയ്തത്.
ട്രംപ് അധികാരത്തിലേറിയ ശേഷം ഇന്ത്യയും അമേരിക്കന്‍ പരിസ്ഥിതി നയം തന്നെയാണ് സ്വീകരിച്ചുപോരുന്നത്. കാലാവസ്ഥാ കരാറില്‍ കല്‍ക്കരിയും എണ്ണ വാതകങ്ങളും നിരുത്സാഹപ്പെടുത്തണമെന്ന് പ്രഖ്യാപിക്കുന്ന കരാറില്‍ ഇന്ത്യ ഒപ്പിട്ടിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ കുറച്ചുമാസം മുമ്പ് ഇന്ത്യ വിദേശ രാജ്യങ്ങളില്‍ നിന്ന് കല്‍ക്കരി ഇറക്കുമതി ചെയ്യുക മാത്രമല്ല, സ്വകാര്യ കമ്പനികള്‍ക്ക് കല്‍ക്കരി ഖനികളില്‍ ഖനനം നടത്തുന്നതിന് അനുമതി നല്‍കുകയും ചെയ്തു. ലോകത്തിലെ മറ്റു പല രാജ്യങ്ങളിലും കല്‍ക്കരിയുടേയും ജൈവ ഇന്ധനത്തിന്റേയും അളവ് 10 ശതമാനം കുറഞ്ഞപ്പോള്‍ ഇന്ത്യയില്‍ 16 ശതമാനത്തോളം ഉപഭോഗത്തില്‍ വര്‍ധനവുണ്ടായത് കാലാവസ്ഥാ കരാറിന്റെ ലംഘനമാണ്. സ്റ്റോക്ക്‌ഹോമിലെ പരിസ്ഥിതി വിദഗ്ധനായ ഓവന്‍ ഗഫ്‌നെ ഇന്ത്യയുടെ ഈ ചാഞ്ചാട്ടത്തെ നിശിതമായി വിമര്‍ശിച്ചിട്ടുണ്ട്. 2025 ആകുമ്പോഴേക്കും ഈ നിലയില്‍ കോള്‍ പവര്‍ പ്ലാന്റും ജൈവ ഇന്ധനവും ഉപയോഗിക്കുകയാണെങ്കില്‍ ലോക കാര്‍ബണ്‍ വിസര്‍ജനത്തിന്റെ പകുതിയും ഇന്ത്യയില്‍ നിന്നായിരിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഏറ്റവും കൂടുതല്‍ കല്‍ക്കരി ഉപയോഗിച്ചിരുന്ന ചൈനയുടെ സ്ഥിതി മാറി ഉപഭോഗ നിരക്ക് ഓരോ വര്‍ഷവും നാല് ശതമാനം കണ്ട് കുറഞ്ഞുവരികയാണ്. സോളാര്‍ വൈദ്യതിയുടെ ഉത്പാദനം ചൈന വര്‍ധിപ്പിച്ചത് ഈ കരാറിനോടുള്ള പ്രതിജ്ഞാബദ്ധതയാണ് കാണിക്കുന്നത്. ഒബാമയുടെ കാലത്ത് മെര്‍ക്കുറിയുടെ ഉപഭോവും ഉത്പാദനവും നിയന്ത്രിക്കുന്നതിന് എന്‍വിറോണ്‍മെന്റ് പ്രൊട്ടക്ഷന്‍ ഏജന്‍സിക്ക് പ്രത്യേക അവകാശം നല്‍കിയിരുന്നു. ട്രംപ് ഈ പ്രത്യേക അവകാശം എടുത്തുമാറ്റിയതുകൊണ്ട് ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ മെര്‍ക്കുറി പ്ലാന്റുകളുടെ എണ്ണത്തിലും വര്‍ധനവുണ്ടായി. അമേരിക്കയുടെ പരിസ്ഥിതി പ്രവര്‍ത്തനത്തെ മൊത്തം ഏകോപിപ്പിക്കുന്ന സംഘടനയാണ് എന്‍വയോണ്‍മെന്റല്‍ പ്രൊട്ടക്ഷന്‍ ഏജന്‍സി. ട്രംപ് അധികാരത്തില്‍ വന്നശേഷം ഈ സംഘടനയുടെ പ്രവര്‍ത്തനത്തെ നിരുത്സാഹപ്പെടുത്തുകയും 815 ഓളം മില്യണ്‍ ഡോളര്‍ ധനസഹായം വെട്ടിക്കുറക്കുകയും ചെയ്തു. ലോകത്തെ മൊത്തം കാര്‍ബണ്‍ വിസര്‍ജനത്തിന്റെ 28 ശതമാനവും സംഭാവന ചെയ്യുന്നത് അമേരിക്കയാണ്. ജി7 രാഷ്ട്രങ്ങള്‍ അടക്കം അഞ്ചു രാഷ്ട്രങ്ങള്‍ ഒരുമിച്ചു ചേര്‍ന്നാല്‍ മൊത്തം കാര്‍ബണ്‍ വിസര്‍ജനത്തിന്റെ 60 ശതമാനം വരും.ആഗോള കാലാവസ്ഥാ കരാറില്‍ ഒപ്പിട്ട ഇന്ത്യ ഓരോ ബജറ്റിലും അതിനനുസരിച്ചുള്ള മാറ്റങ്ങള്‍ വരുത്തേണ്ടതായിട്ടുണ്ട്.

2016-17 ല്‍ അവതരിപ്പിച്ച ബജറ്റില്‍ ഇതിന് കാര്യമായ നിര്‍ദ്ദേശങ്ങളൊന്നും നല്‍കിയിട്ടില്ല. ആഗോള കാലാവസ്ഥാ കരാര്‍ ഒപ്പിട്ടതിനു ശേഷം നല്‍കിയ എന്‍.ഡി.സി (ഓരോ രാജ്യങ്ങളും നടപ്പാക്കേണ്ട ഹരിതനയം മുന്‍കൂട്ടി സമര്‍പ്പിക്കുന്നതിനുള്ള നിര്‍ദ്ദേശം)യില്‍ ഇന്നുള്ളതിന്റെ 30 ശതമാനം കണ്ട് 2020 ആവുമ്പോഴേക്കും കാര്‍ബണ്‍ വിസര്‍ജനം കുറയ്ക്കുമെന്ന് ഇന്ത്യ ഉറപ്പ് നല്‍കിയിട്ടുണ്ട്. . ഭൂമിയെ രക്ഷിക്കുന്നതിന് 2022 ആവുമ്പോഴേക്കും 175 ജിഗാവാട്ട് പുനരുത്പാദന മേഖലയില്‍ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കേണ്ടതുണ്ട്.

ഒബാമ മാറിയതോടെ ഇന്ത്യയുടെ ഹരിത നയത്തില്‍ മാറ്റം വരുത്തി ട്രംപിന് അനുകൂലമായി പരിസ്ഥിതി ചട്ടങ്ങളെ മാറ്റിയെടുക്കുന്ന നയമാണ് സ്വീകരിച്ചിട്ടുള്ളത്. കടല്‍ വഴിയും കര വഴിയും മലിന വാതകങ്ങള്‍ സഞ്ചരിച്ച് ചെറുകിട രാജ്യങ്ങളിലെ കാലാവസ്ഥാ വ്യതിയാനത്തിന് ഇടവരുത്തുകയും അതുവഴി ആരോഗ്യം, ജലസമ്പത്ത് തുടങ്ങിയവയില്‍ നെഗറ്റീവ് ഇംപാക്ട് ഉണ്ടാക്കുകയും ചെയ്യുന്നു. ലോകത്തിലെ എല്ലാ രാജ്യങ്ങളിലും താപനിരക്ക് അമിതമായി വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. നാലാം ഐ.പി.സി.സി റിപ്പോര്‍ട്ടനുസരിച്ച് കഴിഞ്ഞ 12 മാസത്തില്‍ 11 മാസവും ലോക ചരിത്രത്തില്‍ ഇന്നേവരെ ഉണ്ടായിട്ടില്ലാത്ത വിധത്തില്‍ ഭൂമിയുടെ താപം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. 2015 ലെ ഉഷ്ണത്തെ അപേക്ഷിച്ച് 2016ല്‍ രണ്ടു ഡിഗ്രി സെല്‍ഷ്യസോളം വര്‍ധിച്ചതിന്റെ ദുരന്തം ലോകത്തെ എല്ലാ ആളുകളും അനുഭവിക്കുന്നത് ഈയൊരു ഇ.എസ്.പി പ്രഭാവം മൂലമാണ്. ഇന്നത്തെ രീതിയില്‍ വായു മലിനീകരണം തുടരുകയാണെങ്കില്‍ ഗ്രീന്‍ലാന്‍ഡ് അടക്കമുള്ള 30 ഓളം ദ്വീപുകള്‍ 2030 ആവുമ്പോഴേക്കും വെള്ളത്തിനടിയിലാവും. ഒരു ശതമാനം പോലും കാര്‍ബണ്‍ വിസര്‍ജനം നടത്താത്ത ചെറിയ ദ്വീപുകളും ഇതില്‍പ്പെടും. അതുകൊണ്ടാണ് കഴിഞ്ഞ പാരീസ് ഉച്ചകോടിയില്‍ ദ്വീപ് നിവാസികളുടെ പ്രതിനിധികള്‍ അവരുടെ ആശങ്ക അറിയിച്ചത്. ഓരോ വര്‍ഷവും 45 മില്യണ്‍ മെട്രിക് ടണ്ണോളം കാര്‍ബണ്‍ ഡയോക്‌സൈഡ് പുറന്തള്ളുന്നുണ്ട്. അതില്‍ 30 ശതമാനവും കടലില്‍ പോയി ലയിക്കുകയും കടല്‍ ജൈവ സന്തുലിതാവസ്ഥ അപകടപ്പെടുത്തുകയും ചെയ്യുന്നുണ്ട്. കടലില്‍ നിക്ഷേപിക്കപ്പെടുന്ന കാര്‍ബണ്‍ ഡയോക്‌സൈഡ് സൂര്യതാപനമേറ്റ് വീണ്ടും മുകളിലേക്ക് വരികയും കടല്‍പ്പരപ്പില്‍ മര്‍ദ്ദവ്യത്യാസമുണ്ടാക്കി എല്‍നിനോ പ്രതിഭാസം ഉണ്ടാക്കുകയും ചെയ്യുന്നു. ഈ ചൂടുകാറ്റ് കരപ്രദേശത്തേക്ക് വീശുമ്പോള്‍ അസാധാരണമായ മണല്‍ക്കാറ്റുണ്ടാവുന്നു.
ഭൂമിയുടെ ആരോഗ്യം സംരക്ഷിക്കുന്നതിനുവേണ്ടി, ഇതുവഴി നമ്മുടെ തലമുറകള്‍ക്കടക്കം ഭൂമിയില്‍ ജീവിക്കുന്നതിന് പറ്റിയ സാഹചര്യം ഉണ്ടാക്കുന്നതിനുള്ള പ്രവര്‍ത്തനം പരസ്പരം ഉത്തരവാദിത്തം നിറഞ്ഞതാണെന്ന് മനസ്സിലാക്കണം. കാലാവസ്ഥകരാര്‍ എന്ന ചരിത്ര ഉടമ്പടി രൂപപ്പെട്ടിട്ട് ഒരുവര്‍ഷമായിട്ടില്ല.

നമ്മുടെ യാത്ര തുടങ്ങിയിട്ടേയുള്ളൂ. ശുദ്ധവായുവും ശുദ്ധജലവും തരുന്ന ഈ ഭൂമിയെ രക്ഷിക്കുന്നതിനുവേണ്ടി കൂട്ടായ ശ്രമമാണ് ആവശ്യം. പരിസ്ഥിതി പ്രവര്‍ത്തനത്തിന് ധാരാളം പ്രതിസന്ധികളുണ്ടായിട്ടുണ്ട്. ഈയൊരു പ്രതിസന്ധിയും തരണം ചെയ്ത് മുന്നോട്ടുപോകുമെന്നും ഉറച്ച ബോധ്യം വേണം. ലോകത്തിന്റെ പരിതസ്ഥിയെ ഒരു രാഷ്ട്രീയനേതാവോ പരിസ്ഥിതി പ്രവര്‍ത്തകരോ സംരക്ഷിക്കും എന്നു കരുതുന്നത് മൂഢത്വമാണ്. അതിന് സമൂഹം മൊത്തം മുന്നോട്ടു വരണം. പ്രകൃതി എന്നത് വരുംതലമുറകള്‍ക്ക് ഇവിടെ ജീവിച്ചു പോകാനുള്ള അടിസ്ഥാനമാണെന്ന ബോധം ഉണ്ടാകണം..

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.