ആരാധന സംഗീതത്തിലോ?

by padayali | 7 January 2017 2:41 PM

ഇന്നത്തെ ക്രൈസ്തവർ ആരാധനാ എന്നുപറയുമ്പോൾ തന്നെ പാട്ടും തുള്ളലും ആണ് പ്രതീക്ഷിക്കുക എന്നാൽ എന്താണ് ആരാധന? നോക്കു യേശുക്രിസ്തുവിന്‍റെ ശരീരത്തിന്‍റെ ഭാഗമായ ഓരോ മനുഷ്യനും ബലിയര്‍പ്പണത്തിലൂടെ ദൈവത്തെ പ്രസാദിപ്പിക്കണം എന്ന് തന്നെയാണ് തിരുവെഴുത്തു പറയുന്നത്. ഉദാഹരണമായി കയ്‌യീനും ഹാബേലും തങ്ങൾക്കുള്ളതിൽ നിന്നും ദൈവസ­ന്നി­ധി­യില്‍ അർപ്പിച്ചു എങ്കിലും അവര്‍ ഒരു യാഗ­പീഠം പണിത് അതില്‍ യാഗ­മര്‍പ്പി­ച്ചു­വെന്ന് വ്യക്ത­മായി തിരു­വെ­ഴു­ത്തില്‍ കാണു­­ന്നി­ല്ല. എന്നാല്‍ ഒരു യാഗപീഠം പണിത് ആദ്യമായി ആരാധനയായി ബലിയര്‍പ്പിച്ചത് നോഹയായിരുന്നു. പ്രളയത്തിനുശേഷം പെട്ടകത്തില്‍നിന്ന് പുറത്തിറങ്ങിയ നോഹ ആദ്യമായി ദൈവത്തിന് ബലിയര്‍പ്പിക്കുകയായിരുന്നു.
മൃഗങ്ങളുടെ രക്തം ആ­രാ­ധ­കന് ജഡശുദ്ധി അല്ലെങ്കില്‍ ബാഹ്യമായ ശുദ്ധീകരണമേ നല്‍കിയുള്ളൂവെങ്കില്‍ യേശുവിന്‍റെ രക്തം മനുഷ്യന്‍റെ മനഃസാക്ഷിയുടെ ശുദ്ധീകരണമാണ് നിര്‍വ്വഹിക്കുന്നത്.നോഹയുടെ കാല­ഘട്ടം മുതല്‍ അര്‍പ്പിക്കപ്പെട്ട ഒരു മൃഗബലിക്കും ആരാ­ധകന്‍റെ മനഃസാക്ഷിയുടെ ശുദ്ധീകരണം സാധി­ച്ചില്ല. വഴിപാടുകളും യാഗവും കൂടെക്കൂടെ അര്‍പ്പിക്കപ്പെട്ടുവെങ്കിലും മനഃസാക്ഷിയില്‍ കുറ്റ വിമുക്തർ ആയില്ല. ഓരോ യഹൂദനും ആലയത്തില്‍നിന്നും മടങ്ങിപ്പോയത്.എന്നാല്‍ യേശുവിലൂടെ ദൈവത്തെ അന്വേഷിക്കുന്നവന് കാല്‍വറി യാഗത്തിലൂടെ,മനഃസാക്ഷിയുടെ സമ്പൂര്‍ണ്ണ സമാധാനം,വിശു­ദ്ധീ­ക­രണം ആണ് വാഗ്ദത്തം ചെയ്തിരിക്കുന്നതും അവരുടെ കാത്തിരിപ്പും. പാപമോചനത്തിനായി ഇനി യാതൊരു യാഗവും ആവശ്യമില്ലെന്നു പറയുമ്പോള്‍ ബുദ്ധിയുള്ള ആരാധന അഥവാ ജീവനുള്ള ആരാധന എന്നത് എന്താണന്നു പറയുന്നതിൽ ലജ്ജിക്കുന്നില്ല. ജീവനുള്ള ആരാധനയെന്നത് ഒരു വിശ്വാസിയുടെ സമ്പൂര്‍ണ്ണ ജീവിതമാണ്. ആത്മീയാരാധന കേവലം സഭായോഗത്തിലെ ഒരു പാട്ടോ കൈകൊട്ടലോ അല്ലെന്ന് വ്യക്തമാകുന്നു. ശരീരത്തിലെ അവയവങ്ങള്‍ എല്ലാറ്റിനെയും പൂര്‍ണ്ണമായും ദൈവസ്വീകാര്യം ലഭിക്കുന്ന വിധത്തില്‍ ആഴ്ചയില്‍ എല്ലാ ദിവസവും ഉപയോഗിക്കുന്നതാണ് ബുദ്ധിയുള്ള ആരാധന അല്ലെങ്കില്‍ ജീവനുള്ള ആരാധന. ഇതില്‍ പാട്ടിനോ കൈകൊട്ടലിനോ ആര്‍പ്പുമുഴക്കുന്നതിനോ സ്ഥാനമില്ല. ഏകാന്തതയിലും നിശ്ശബ്ദതയിലും ആള്‍ക്കൂ­ട്ട­ത്തിലും യാത്ര­യിലും ജോലി­യിലും നാം ദൈവസന്നിധിയില്‍ ആരാധകനായിരിക്കും. എന്നാല്‍, ഈ അര്‍ത്ഥഗാംഭീര്യമുള്ള യാഗത്തെയും ജീവനുള്ള ആരാധനയെയും വെറും പാട്ടിലും കൈയ്‌യടിയിലും തുള്ളിച്ചാട്ടത്തിലും ഒതുക്കി,നിരന്തരഹോമയാഗം നിര്‍ത്തല്‍ ചെയ്ത് സംഗീതവൃന്ദത്തെ പ്രതിഷ്ഠിക്കുന്ന മ്ലേഛതയാണ് ഇന്ന് സഭകളില്‍ കൺവൻഷനുകളിൽ, ക്യാമ്പുകളിൽ നടക്കുന്നത്. ഇതാണ് ആത്മീയരെ എന്നന്നേക്കും ശൂന്യമാക്കുന്നത്. ഇപ്പൊൾ പെന്തക്കോസ്തുഗോളം മൊത്തം പ്രൈയ്‌സ് ആൻഡ് വർഷിപ്പ് ആയി മാറി. യുവജനങ്ങൾ സംഗീതത്തിനനുസരിച്ചു നൃത്തം വെച്ച് ആസ്വാധിക്കുകയാണ് പ്രെയ്‌സ് ആന്‍ഡ് വര്‍ഷിപ്പ് സംഘങ്ങള്‍ ആണ് ആരാധന നയിക്കുന്നത് എന്ന ധാരണ അത് വചനാധിഷ്ഠിതമല്ല, വചനവിരുദ്ധമാണ്; അല്ലെങ്കില്‍ പൈശാചികമാണ്. പാട്ടുപാടുന്നതും കൈകൊട്ടുന്നതും ആര്‍പ്പിടുന്നതുമാണ് പുതിയനിയമ ആരാധനയെന്ന് ധരിച്ചുവെച്ചിരിക്കുന്ന വ്യക്തിയാണ് ഇതു വായിക്കുന്നതെങ്കില്‍ ദൈവത്തിന്‍റെ മനസ്സലിവ് ഓര്‍മ്മിപ്പിച്ച് നിങ്ങളെ പ്രബോധിപ്പിക്കട്ടെ: നിങ്ങള്‍ ബുദ്ധിയുള്ള ആരാധനയായി നിങ്ങളുടെ ശരീരങ്ങളെ ജീവനും വിശുദ്ധിയും ദൈവത്തിന് പ്രസാദവുമുള്ള യാഗമായി സമര്‍പ്പിക്കുവിന്‍.ആത്മീയഗാനങ്ങള്‍ പാടരുത് എന്നല്ല ഇപ്പറയുന്നതിന്‍റെ അര്‍ത്ഥം. സഭായോഗത്തില്‍ പാട്ടു പാടരുതെന്നോ കൈകൊട്ടരുതെന്നോ ആര്‍പ്പോടെ, ഘോഷത്തോടെ ദൈവസന്നിധിയില്‍ ആനന്ദിക്കരുതെന്നോ ഇതിന് അര്‍ത്ഥമില്ല. എന്നാല്‍, പാട്ടും കൈയടിയും അല്ല പുതിയനിയമസഭയിലെ ആത്മീയാരാധന എന്നേ ഇപ്പറയുന്നതിന് അര്‍ത്ഥമുള്ളൂ.പുതിയനിയമ ആരാ­ധ­നയെ പാട്ടുകള്‍കൊണ്ട് പൂര്‍ത്തീകരിക്കാനാവില്ല. ഈ ആരാ­ധന ജീവി­ത­ത്തില്‍ ശബ്ദ­ത്തിനോ ശബ്ദ­മി­ല്ലാ­യ്മക്കോ പാട്ടിനോ കൈയ്‌യ­ടിക്കോ നൃത്ത­ത്തിനോ ഒന്നും പ്ര­സ­ക്തി­യി­ല്ല. മനസ്സും ഹൃദയവും ദൈവഭക്തിയില്‍ മുഴുകിയിരിക്കുമ്പോളാണ് അത് ആത്മാവിലും സത്യത്തിലും ആരാധനയാകുന്നത്. ദൈവസന്നിധിയിലേക്ക് ആദ്യഫലവുമായി വരുന്നതിനു മുമ്പ് കയ്‌യീന്‍റെ ഹൃദയത്തില്‍ സഹോദരനോടു നീരസം ഉണ്ടായിരുന്നിരിക്കണം. ഈ നീരസമാണ് ദൈവസന്നിധിയിലെ അസ്വീകാര്യതയുടെ പേരില്‍ അവനെ കോപാകുലനാക്കുന്നതും ഒടുവില്‍ സഹോദരഹത്യയിലേക്കു അവനെ നയിക്കുന്നതും. കയ്‌യീന്‍റെ ഹൃദയത്തിലെ ഈ കൈപ്പാണ് അവനെ ദൈവസന്നിധിയില്‍ അസ്വീകാര്യനാക്കിയത് ശബ്ദത്തിനോ സംഗീതത്തിനോ കൈയ്‌യടിക്കോ നല്‍കാനാവാത്തതും ഹൃദയത്തില്‍ നിറഞ്ഞുകവിയുന്നതുമായ വികാരമാണ് ഭക്തന്‍റെ ആരാധന. ഇതാണ് ബുദ്ധിയുള്ളതും പിതാവിന് സ്വീകാര്യവുമായ ആരാധന.

ഓരോ വിശ്വാസിയുടെയും ജീവിതത്തില്‍നിന്ന് ആത്മീയസൗരഭ്യവാസന ദൈവസന്നിധിയിലേക്ക് ഉയരുമ്പോഴാണ് പുത്രത്വത്തിന്‍റെ അതിമഹത്തായ മറ്റൊരു ലക്ഷ്യത്തില്‍ നാം എത്തിച്ചേരുന്നത്. അവിടെയാണ് പുതിയനിയമഭക്തന്‍റെ ആത്മാവിലും സത്യത്തിലുമുള്ള ആരാധന ലക്ഷ്യപ്രാപ്തിയിലെത്തു­ന്നത്. സംഗീതത്തിനപ്പുറം ആരാധനയും ദൈവ പ്രസാദവും യുവജനങ്ങളിൽ ഉയരട്ടെ.ആത്മാവ് നിറഞ്ഞു സങ്കീർത്തനങ്ങളാലും,സ്തുതികളാലും,ആത്മീയ ഗീതങ്ങളാലും…മഹത്വം കൊടുപ്പിന്‍.സംഗീതത്തിന് അതിന്‍റെ പ്രാധാന്യമേയുള്ളു അല്ലാതെ ഒരിക്കലും സംഗീത സന്ധ്യയും നിശയും,പ്രെയ്‌സ് ആൻഡ് വർഷിപ്പും മാത്രമല്ല ആരാധനാ എന്ന് യുവജങ്ങൾ മനസ്സിലാക്കട്ടെ. ഉയർന്നുവരുന്ന അനേക വെല്ലുവിളികൾക്കു മുൻപിൽ നിങ്ങൾ സാത്താന്യ നുകത്തിനു അടിമപ്പെടരുത്.

Source URL: https://padayali.com/%e0%b4%86%e0%b4%b0%e0%b4%be%e0%b4%a7%e0%b4%a8-%e0%b4%b8%e0%b4%82%e0%b4%97%e0%b5%80%e0%b4%a4%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8b/