അയോധ്യ രാമക്ഷേത്രത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി തറക്കല്ലിട്ടു

by Vadakkan | 5 August 2020 3:24 PM

അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണത്തിന് തുടക്കം കുറിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദി 40 കിലോഗ്രാം തൂക്കമുള്ള വെള്ളിശില പാകി. ഉച്ചയ്ക്ക് 12.30ന് ആരംഭിച്ച പൂജകള്‍ക്കുശേഷമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ശിലാസ്ഥാപന കര്‍മം നടത്തിയത്.

ന്യൂഡല്‍ഹിയില്‍ നിന്ന് പ്രത്യേക വിമാനത്തിലാണ് രാമക്ഷേത്രത്തിന്‍റെ തറക്കല്ലിടല്‍ ചടങ്ങില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അയോധ്യയിലെത്തിയത്. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രധാനമന്ത്രിയെ സ്വീകരിച്ചു. ഹെലികോപ്റ്ററിലാണ് പ്രധാനമന്ത്രി ലക്നൌവില്‍ നിന്നും അയോധ്യയിലെത്തിയത്. കോവിഡ് പശ്ചാത്തലത്തില്‍ ആരോഗ്യ പ്രോട്ടോക്കോള്‍ പാലിച്ചാണ് ചടങ്ങുകള്‍.

ജമ്മുകശ്മീരിന്‍റെ പ്രത്യേക പദവി എടുത്തുകളഞ്ഞ വാ൪ഷിക ദിനം തന്നെയാണ് തറക്കല്ലിടാനും മോഡി സ൪ക്കാ൪ തെരഞ്ഞെടുത്തത്. കേന്ദ്രം പുറത്തിറക്കിയ മൂന്നാംഘട്ട ലോക്ഡൗണ്‍ ഇളവുകളില്‍ മതപരമായ പൊതുപരിപാടികള്‍ക്ക് അനുമതിയില്ലെങ്കിലും അയോധ്യയിലെ രാമക്ഷേത്രത്തിന് തറക്കല്ലിടാന്‍ പ്രത്യേക ഇളവ് നല്‍കുകയായിരുന്നു. വെള്ളികൊണ്ട് നി൪മിച്ച 40 കിലോയിലധികം ഭാരമുള്ള കല്ലുപയോഗിച്ചാണ് തറക്കല്ലിടല്‍. ഇന്നലെ രാത്രിയോടെ തന്നെ അയോധ്യ നഗരം ദീപാലംകൃതമായിരുന്നു.

Source URL: https://padayali.com/%e0%b4%85%e0%b4%af%e0%b5%8b%e0%b4%a7%e0%b5%8d%e0%b4%af-%e0%b4%b0%e0%b4%be%e0%b4%ae%e0%b4%95%e0%b5%8d%e0%b4%b7%e0%b5%87%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d/