അതിരൂപത ഭൂമിയിടപാട്: ആലഞ്ചേരിയെ അഡ്മിനിസ്‌ട്രേറ്റര്‍ സ്ഥാനത്തുനിന്ന് മാറ്റി

അതിരൂപത ഭൂമിയിടപാട്: ആലഞ്ചേരിയെ അഡ്മിനിസ്‌ട്രേറ്റര്‍ സ്ഥാനത്തുനിന്ന് മാറ്റി
June 23 11:58 2018 Print This Article

കൊച്ചി: വിവാദമായ എറണാകുളം അങ്കമാലി അതിരൂപതയിലെ ഭൂമിയിടപാട് വിഷയത്തില്‍ വത്തിക്കാന്റെ ഇടപെടല്‍. അതിരൂപതയില്‍ പുതിയ അപ്പസ്റ്റോലിക് അഡ്മിനിസ്‌ട്രേറ്ററെ നിയമിച്ചുകൊണ്ട് ഫ്രാന്‍സിസ് മാര്‍പാപ്പ ഉത്തരവിട്ടു. പാലക്കാട് രൂപതാ മെത്രാനായ മാര്‍ ജേക്കബ് മനത്തോടത്തിനെയാണ് നിയമിച്ചത്. എറണാകുളം അങ്കമാലി അതിരൂപതയുടെ മെത്രാപ്പോലിത്തന്‍ ആര്‍ച്ച്‌ ബിഷപ്പ് സ്ഥാനത്ത് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി തുടരും. എന്നാല്‍, ഭരണ ചുമതലയുണ്ടായിരിക്കില്ല.

ഭൂമി വില്‍പന വിവാദമാകുകയും വിഷയത്തില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരേ അതിരൂപതയിലെ ഒരുവിഭാഗം വൈദികരും വിശ്വാസികളും പരസ്യമായി രംഗത്തുവരികയും ചെയ്തതോടെ ദൈനംദിന ഭരണചുമതല കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയില്‍ നിന്നു മാറ്റി സഹായ മെത്രാന്‍ മാര്‍ സെബാസ്റ്റിയന്‍ എടയന്ത്രത്തിന് സീറോ മലബാര്‍ സഭ സിനഡ് നല്‍കിയിരുന്നു. എന്നാല്‍, പ്രധാന തീരുമാനങ്ങള്‍ ആലഞ്ചേരിയോട് ചര്‍ച്ച ചെയ്ത് മാത്രമേ എടുക്കാവൂവെന്ന് സിനഡ് നിര്‍ദേശിച്ചിരുന്നു. അതിരൂപതയുടെ ചുമതലയില്‍നിന്ന് മാറ്റപ്പെട്ടതോടെ ആലഞ്ചേരിയുടെ പ്രവര്‍ത്തന ആസ്ഥാനം കാക്കനാട് സെന്റ് തോമസ് മൗണ്ടിലേക്ക് മാറ്റിയിരുന്നു.
ബിഷപ്പുമാരായ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്തും മാര്‍ ജോസ് പുത്തന്‍വീട്ടിലും സഹായമെത്രാന്മാരായി തുടരുമെങ്കിലും ഭരണപരമായ അധികാരങ്ങള്‍ അപ്പസ്റ്റോലിക് അഡ്മിനിസ്‌ട്രേറ്റര്‍ക്ക് ആയിരിക്കും. ഇപ്പോള്‍ നിലവിലുള്ള അതിരൂപതാ ആലോചനാസംഘം, സാമ്ബത്തികകാര്യസമിതി, വൈദികസമിതി, അജപാലന സമിതി തുടങ്ങിയവയുടെ പ്രവര്‍ത്തനം അഡ്മിനിസ്‌ട്രേറ്റര്‍ നിയമനത്തോടെ സസ്‌പെന്‍ഡ് ചെയ്യപ്പെട്ടിരിക്കുകയാണ്. അഡ്മിനിസ്‌ട്രേറ്റര്‍ക്ക് ഈ സമിതികളില്‍ മാറ്റംവരുത്തുകയോ പുനഃസംഘടിപ്പിക്കുകയോ ചെയ്ത് പ്രവര്‍ത്തനക്ഷമമാക്കാന്‍ അധികാരമുണ്ടാകും.

മാര്‍ ജേക്കബ് മനത്തോടം ഇപ്പോള്‍ സി.ബി.സി.ഐ ഹെല്‍ത്ത് കമ്മിഷന്‍ മെംബര്‍, സീറോ മലബാര്‍ വിശ്വാസ പരിശീലന കമ്മിഷന്‍ ചെയര്‍മാന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരികയാണ്. അതിരൂപതയുടെ പുതിയ അപ്പസ്റ്റോലിക് അഡ്മിനിസ്‌ട്രേറ്റര്‍ എന്ന ചുമതലയ്‌ക്കൊപ്പം പാലക്കാട് രൂപതയുടെ മെത്രാനെന്ന നിലയിലുള്ള ഉത്തരവാദിത്വവും മാര്‍ ജേക്കബ് മനത്തോടത്തിനു തന്നെയാണ്. 23ന് വൈകിട്ട് മൂന്നിന് എറണാകുളം സെന്റ് മേരീസ് കത്തീഡ്രല്‍ ബസിലിക്കായില്‍ വച്ച്‌ ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച്‌ ബിഷപ് ജംബത്തിസ്താ ദിക്വാത്രോയുടെ സാന്നിധ്യത്തില്‍ മാര്‍ ജേക്കബ് മനത്തോടത്ത് ഔദ്യോഗികമായി സ്ഥാനമേറ്റെടുക്കും.
അതേസമയം, തങ്ങള്‍ ഉന്നയിച്ച കാര്യങ്ങള്‍ വത്തിക്കാന് ബോധ്യമായെന്നതിന്റെ തെളിവാണ് പുതിയ അപ്പസ്റ്റോലിക് അഡ്മിനിസ്‌ട്രേറ്റര്‍ നിയമനമെന്ന് എ.എം.ടി പ്രവര്‍ത്തകര്‍ പ്രതികരിച്ചു. പ്രശ്‌നങ്ങള്‍ വത്തിക്കാന് നേരിട്ട് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴുള്ള ഈ നടപടി. വത്തിക്കാന് രൂപതയുടെ കാര്യങ്ങളില്‍ ഇടപെടുന്നതിന് പരിമിതിയുണ്ടെന്നും അതിനാലാണ് നടപടിക്ക് താമസം നേരിട്ടതെന്നും എ.എം.ടി പ്രവര്‍ത്തകര്‍ പറഞ്ഞു.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.