ജനാധിപത്യ മര്യാദകളെ കാറ്റില്‍ പറത്തി കേന്ദ്രസര്‍ക്കാര്‍

ജനാധിപത്യ മര്യാദകളെ കാറ്റില്‍ പറത്തി കേന്ദ്രസര്‍ക്കാര്‍
February 05 09:45 2017 Print This Article

നമ്മുടെ പ്രതീക്ഷകളെ നഷ്ടപെടുത്തുകയും ജനധിപത്യ വ്യവസ്ഥകള്‍ക്ക് തികച്ചും യോജിക്കാത്ത രീതിയില്‍ ആണ് ഇപ്പോള്‍ നമ്മുടെ ലോകസഭയില്‍ നടന്ന സംഭവങ്ങളെകുറിച്ച് ജനചിന്തകള്‍. ലോകസഭയില്‍ നിലവിലുള്ള ഏറ്റവും മുതിര്‍ന്ന അംഗങ്ങളില്‍ ഒരാള്‍ മരിച്ചിട്ടും ഒരു മിനിറ്റ് മൗനം ആചരിക്കുക പോലും ചെയ്യാതെ സഭാനടപടികള്‍ തുടര്‍ന്നതും ബജറ്റ് അവതരിപ്പിച്ചതും നമ്മുടെ കീഴ്‌വഴക്കങ്ങളെയും ജനാധിപത്യ മര്യാദകളെയുമെല്ലാം കാറ്റില്‍ പറത്തുന്നതായിരുന്നു. മുസ്ലിം ലീഗ് ദേശീയ അധ്യക്ഷനും മുന്‍ കേന്ദ്രമന്ത്രിയുമായ ഇ.അഹമ്മദ് എംപിയുടെ നിര്യാണത്തോട് കേന്ദ്രഭരണാധികാരികളുടെ ഭാഗത്തുനിന്നുണ്ടായത് തികച്ചും അപലപനീയ സമീപനമാണ്.
ഇതില്‍ പ്രതിഷേധത്തോടെ ഇരിക്കുമ്പോഴാണു ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി എംപിമാര്‍ ‘അഹമ്മദിന്റെ മരണം സ്ഥിരീകരിക്കുമ്പോള്‍ മൃതദേഹം അഴുകിയോ’? എന്ന ചോദ്യവുമായി തികച്ചും വ്യത്യസ്തമായ പ്രതികരണത്തിന് മുതിര്‍ന്നത്.
മരണം ഔപചാരികമായി ആശുപത്രിയില്‍ വച്ചയിരുന്നെങ്കിലും കഴിഞ്ഞ ദിവസം രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗവേളയില്‍ പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ കുഴഞ്ഞുവീണാണ് യഥാര്‍ഥത്തില്‍ ഇ അഹമ്മദിന്റെ മരണം സംഭവിച്ചത്. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടപ്പോള്‍ അദ്ദേഹത്തിന്റെ മരണം സ്ഥിരീകരിച്ചില്ലെങ്കിലും മണിക്കൂറുകള്‍ക്കകം തന്നെ ആ വാര്‍ത്ത പുറംലോകത്തെത്തി
ഇ അഹമ്മദിന്റെ മൃതദേഹത്തോടു പോലും ആശുപത്രി അധികൃതര്‍ കാണിച്ച ക്രൂരതകള്‍ വെളിപ്പെടുത്തി കേരളാ എംപിമാര്‍. അഹമ്മദിന്റെ മരണം സംബന്ധിച്ച ദുരൂഹതകള്‍ ചര്‍ച്ച ചെയ്യണമെന്ന് ലോകസഭയില്‍ ആവശ്യപ്പെട്ടാണ് എംപിമാരായ വേണുഗോപാലും ആന്റോ ആന്റണിയും പി.കരുണാകരനും എന്‍.കെ. പ്രേമചന്ദ്രനും ആശുപത്രി അധികൃതരില്‍ നിന്നുമുണ്ടായ വീഴ്ച്ചകള്‍ വെളിപ്പെടുത്തിയത്. വിഷയം ചര്‍ച്ചചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇവര്‍ ലോക്‌സഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയെങ്കിലും സ്പീക്കര്‍ സുമിത്രാ മഹാജന്‍ അനുമതി നല്‍കിയില്ല. ഇതോടെ ബഹളത്തില്‍ സഭ പിരിയുകയായിരുന്നു.
അഹമ്മദ് മരിച്ച ദിവസം ആശുപത്രിയിലെത്തിയ തങ്ങള്‍ക്കുണ്ടായത് ദുരനുഭവങ്ങളാണെന്ന് എന്‍.കെ പ്രേമചന്ദ്രന്‍ പറഞ്ഞു. അഹമ്മദിന്റെ മരണം സംഭവിച്ചുവെന്നത് മിക്കവാറും ഉറപ്പായിരുന്നു. എന്നാല്‍, ആശുപത്രി അധികൃതര്‍ പറഞ്ഞത് അദ്ദേഹത്തിന്റെ ജീവന്‍ പിടിച്ചുനിര്‍ത്താന്‍ ശ്രമിക്കുന്നുവെന്നാണ്. ഐസിയുവില്‍ അഹമ്മദിന്റെ കണ്ണുകള്‍ ബാന്‍ഡ് എയ്ഡ് ഉപയോഗിച്ച് മറച്ചിരിക്കുന്നതാണു കാണാന്‍ കഴിഞ്ഞതെന്നും പ്രേമചന്ദ്രന്‍ ചൂണ്ടിക്കാട്ടി. മരണം സ്ഥിരീകരിക്കുമ്പോഴേക്കും അഹമ്മദിന്റെ മൃതദേഹം അഴുകിത്തുടങ്ങിയിരുന്നുവെന്ന് കെ സി വേണുഗോപാല്‍ പറഞ്ഞു. 44 വര്‍ഷം പാര്‍ലമെന്ററി പ്രവര്‍ത്തനം നടത്തുകയും കേരളത്തിലും കേന്ദ്രത്തിലും മന്ത്രിയായിരിക്കുകയും ചെയ്ത ഒരാളോട് ഇങ്ങനെ ചെയ്യുന്നത് അംഗീകരിക്കാന്‍ കഴിയില്ല. മൃതദേഹത്തില്‍ അദ്ദേഹത്തിന്റെ മുഖം പോലും വികൃതമായിരുന്നു വേണുഗോപാല്‍ പറഞ്ഞു. ഇക്കാര്യം സഭയില്‍ ഉയര്‍ത്താന്‍പോലും കഴിയാതെ വന്നപ്പോള്‍ പിന്നെ എന്തിനാണ് പാര്‍ലമെന്റില്‍ ഇരിക്കുന്നതെന്നുപോലും തോന്നിപ്പോയെന്ന് പി കരുണാകരന്‍ പറഞ്ഞു. വിഷയം തിങ്കളാഴ്ചയും സഭയില്‍ ഉയര്‍ത്തുമെന്നും ലോക്‌സഭാ സമിതി അന്വേഷിക്കണമെന്നും എംപിമാരായ കെ സി വേണുഗോപാല്‍, പി കരുണാകരന്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍, ആന്റോ ആന്റണി, എന്‍.കെ. പ്രേമചന്ദ്രന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. രാജ്യസഭയില്‍ സിപിഎം നേതാവ് സീതാറാം യെച്ചൂരിയും പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദും വിഷയമുന്നയിച്ചു. ആരോപണങ്ങള്‍ സത്യമാണെങ്കില്‍ കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടിയുണ്ടാവണമെന്നും യെച്ചൂരി ആവശ്യപ്പെട്ടു. വിഷയം തിങ്കളാഴ്ച സഭയില്‍ വീണ്ടും ഉന്നയിക്കുമെന്ന് ഗുലാംനബി ആസാദ് പറഞ്ഞു.പാര്‍ലമെന്റ് മന്ദിരത്തില്‍ നിന്ന് ഏറെ അകലെയല്ലാത്ത ആശുപത്രിയില്‍ ബന്ധുക്കളും സുഹൃത്തുക്കളും അന്ത്യോപചാരമര്‍പ്പിക്കാന്‍ നില്‍ക്കേ ബജറ്റ് അവതരണം നടത്തിയത് അനാദരവായി മാത്രമേ കാണാന്‍ സാധിക്കുകയുള്ളൂ. മനുഷ്യ സ്‌നേഹത്തിന്റെയും ദേശീയതയുടെയും അഭേദ്യഭാഗമാണ് മനുഷ്യരോടെന്ന പോലെ തന്നെ മരണത്തോട് ആദരവ് കാട്ടുക എന്നുമുള്ളത്. എതിരാളിയുടെ മരണത്തെപോലും ആദരിച്ച പാരമ്പര്യമാണ് ഇന്ത്യക്കുള്ളത്ച്എന്നിട്ടും ഇന്ത്യയുടെ ഭരണാധികാരികള്‍ ഇതരത്തില്‍ ക്രൂരമായി പെരുമാറുന്നത് അസാധാരണമാണെന്നാണ് ഞങ്ങള്‍ കരുതുന്നത്.ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യമാണ് ഇന്ത്യ. പാര്‍ലമെന്റിന്റെ ചരിത്രത്തില്‍ ഇത്രയും ദുഖം ഉണ്ടാക്കിയ ഹീന പ്രവൃത്തി ഇതിനു മുന്‍പ് ഉണ്ടായിട്ടില്ല. രാജ്യത്തിന്റെ മഹത്തായ ജനാധിപത്യ ബോധത്തോടുള്ള തെറ്റാണ് കേന്ദ്ര ഭരണാധികാരികളില്‍ നിന്നുണ്ടായത്….

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.